photo

ചേർത്തല:പേവിഷ വിഷബാധയേ​റ്റ് 14 കാരൻ മരിച്ച അർത്തുങ്കലിൽ സ്‌കൂൾ വളപ്പിൽ ദുരൂഹസാഹചര്യത്തിൽ നായ ചത്തു. വായിൽ നിന്ന് നുരയും പതയും വന്നാണ് നാട്ടുകാർ നോക്കിനിൽക്കെ നായ ചത്തുവീണത്.മ രിച്ച 14കാരന് എങ്ങനെ പേവിഷബാധയേ​റ്റതെന്ന് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പട്ടി ചത്തതോടെ പ്രദേശം ഭീതിയിലായി. ചത്തത് വളർത്തു നായയാണോയെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പട്ടിയുടെ ശരീരം പോസ്​റ്റുമോർട്ടം ചെയ്യാനും വിശദമായ പരിശോധനകൾ നടത്താനുമാണ് അധികൃതരുടെ നീക്കം.
കഴിഞ്ഞ 16നാണ് അർത്തുങ്കൽ സ്രാമ്പിക്കൽ രാജേഷിന്റെ മകൻ നിർമ്മൽ രാജേഷ്(14) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവിഷബാധയെ തുടർന്ന് മരിച്ചത്. വീട്ടിൽ വളർത്തിയിരുന്ന പട്ടിയിൽ നിന്നാണോ പേവിഷബാധയേറ്റതെന്ന് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പരിശോധിച്ചിരുന്നു.പട്ടിക്കു പേവിഷബാധയില്ലെന്നാണ് കണ്ടെത്തിയത്.ഈ സാഹചര്യത്തിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്‌കൂൾ വളപ്പിൽ നായ ചത്തത്.