# കുട്ടനാട്ടിൽ യാത്രാക്ളേശം രൂക്ഷം
ആലപ്പുഴ: എ - സി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കുട്ടനാട്ടിൽ ബസ് കാത്ത് വലഞ്ഞ് ജനങ്ങൾ. കഞ്ഞിപ്പാടം - പൂപ്പള്ളി വഴിയാണ് കുട്ടനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ദേശസാൽകൃത റൂട്ടായതിനാൽ മറ്റ് യാത്രാ മാർഗങ്ങളുമില്ല.
കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് ആലപ്പുഴയിലെ വിവിധ മേഖലകളിൽ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. റൂട്ടുകളിൽ ബസ് സർവീസ് കുറവായതിനാൽ തിങ്ങി നിറഞ്ഞും ഫുട്ബോർഡിൽ തൂങ്ങിക്കിടന്നും മറ്റുമാണ് രാവിലെയും വൈകിട്ടുമുള്ള യാത്ര.
അകലം പാലിക്കാതെയുള്ള യാത്ര കൊവിഡ് വ്യാപന ഭീതിയും ഉയർത്തുന്നു. പൊങ്ങ, പക്കി പാലങ്ങൾ തുറന്നതോടെ ആലപ്പുഴയിൽ നിന്ന് പുളിങ്കുന്ന്, കൈനകരി സർവീസുകൾ ആരംഭിച്ചു. വൈകിട്ട് 5ന് കൈനകരി കോലത്ത് ജെട്ടി കഴിഞ്ഞാൽ 5.30ന് പുളിങ്കുന്ന് സർവീസാണുള്ളത്. ഇത് പൂപ്പള്ളി ജംഗ്ഷനിൽ എത്തുമ്പോഴേക്കും യാത്രക്കാരെ കൊണ്ട് നിറയും. തുടർന്നുള്ള സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന പലർക്കും ബസിൽ കയറാൻ സാധിക്കാറില്ല.
രാവിലെ 8 മുതൽ 10 വരെയുള്ള സമയങ്ങളിൽ കുട്ടനാട് മേഖലയിൽ നിന്ന് ആലപ്പുഴയിലേക്കും വൈകിട്ട് 4 നും 6 നും ഇടയിൽ ആലപ്പുഴയിൽ നിന്ന് കുട്ടനാടിന്റെ വിവിധ മേഖലകളിലേക്കും കൂടുതൽ സർവീസുകൾ ആരംഭിച്ചാലേ യാത്രാ ക്ളേശത്തിന് പരിഹാരമാകൂ.
ആലപ്പുഴ ഡിപ്പോ
ആകെ ബസ്: 55
സർവീസ് നടത്തുന്നത്: 50
കുട്ടനാട്ടിലേയ്ക്ക്: 11
പുതുതായി അനുവദിച്ചത്: 3
''
ആലപ്പുഴ ഡിപ്പോയിലേയ്ക്ക് അധികമായി അനുവദിച്ച ബസുകൾ ലഭ്യമായാൽ ഇതിൽ രണ്ടെണ്ണം കുട്ടനാട്ടിലേക്ക് ഷെഡ്യൂൾ ചെയ്യും. ഇപ്പോഴത്തെ യാത്രാ പ്രശ്നത്തിന് ഉടൻ പരിഹാരം കാണും.
അശോക് കുമാർ,
ഡി.ടി.ഒ, ആലപ്പുഴ