ഹരിപ്പാട്: ജില്ലാ സാമൂഹിക നീതി വകുപ്പ് ജില്ലയിലെ വയോജന കേന്ദ്രങ്ങളിൽസംഘടി​പ്പി​ക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി ഹരിപ്പാട് ഗാന്ധിഭവൻ സ്‌നേഹവീട്, റോട്ടറി സോൺ 21 എന്നിവയുടെ സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം, തൊഴിൽ പരിശീലനങ്ങളുടെ ഉദ്ഘാടനം, സമൂഹത്തിൽ വ്യക്തിമുദ്ര പതിച്ച വയോജനങ്ങൾക്ക് ആദരവ്, പഞ്ചാഗുസ്തിയിൽ ലോക ചാമ്പ്യൻ ജോബി മാത്യു, നാഷണൽ ചാമ്പ്യൻ അബ്ദുൽ സലാം എന്നിവരെ ആദരിക്കൽ തുടങ്ങി വിവിധ പദ്ധതികൾ നടത്തി. ഹരിപ്പാട് എം. സി. എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിപിൻ. സി. ബാബു ഉദ്ഘാടനം ചെയ്തു, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവ കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എസ്. താഹ നിർവഹിച്ചു, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ എ. ഒ. അബീൻ തൊഴിൽ പരിശീലനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു, വയോജനങ്ങൾക്ക് റോട്ടറിയുടെ ആദരവ് ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. സുമിത്രൻ, അസിസ്റ്റന്റ് ഗവർണർ രശ്മി പ്രസാദ് മൂലയിൽ എന്നിവർ നിർവഹിച്ചു. ആയാപറമ്പ് രാമചന്ദ്രൻ, പ്രസാദ് മൂലയിൽ, മനു മോഹൻ, എന്നിവർ സംസാരിച്ചു. സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ്‌ ഷമീർ സ്വാഗതവും, ജി. രവീന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.