# ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു
കുട്ടനാട്: റോഡിന് ഇരുവശവും സംരക്ഷണഭിത്തി നിർമ്മിക്കാത്തതിനാൽ കിടങ്ങറ - നീരേറ്റുപുറം - മുട്ടാർ സെൻട്രൽ റോഡിൽ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും പതിവാകുന്നു. വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക രീതിയിൽ ചക്കുളത്തുകാവ് മുതൽ സഹൃദയ ജംഗ്ഷൻ വരെയും ഇവിടെ നിന്ന് മുട്ടാർ പഞ്ചായത്ത് ഓഫീസ് വരെയും രണ്ട് ഘട്ടങ്ങളായാണ് പത്തുമാസം മുമ്പ് റോഡ് പുനർനിർമ്മിച്ചത്.
2018ലെ പ്രളയത്തെ തുടർന്നാണ് വെള്ളം കയറാത്ത തരത്തിൽ റോഡ് ഉയർത്താൻ തീരുമാനിച്ചത്. മെറ്റലും പാറപ്പൊടിയും നിറത്തി അഞ്ചടിയിലധികമാണ് റോഡ് ഉയർത്തിയത്. എന്നാൽ റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ വാഹനങ്ങൾ സൈഡ് കൊടുത്ത് കടന്നുപോകുമ്പോൾ തിട്ടകൾ ഇടിഞ്ഞ് അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ റോഡിന് ബലക്ഷയവും നേരിട്ടു.
വലിയ വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വശങ്ങൾ ഇടിഞ്ഞ് പാടത്തേയ്ക്ക് മറിയാനുള്ള സാദ്ധ്യതയേറെയാണ്. ഇതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. പഞ്ചായത്ത് ഓഫീസ് മുതൽ സഹൃദയ ജംഗ്ഷൻ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിനിടയിലാണ് അപകട സാദ്ധ്യത ഏറെ. സൈഡ് കൊടുക്കുന്നതിനിടെ സ്റ്റിയറിംഗ് അൽപ്പമൊന്ന് തെറ്റിയാൽ വാഹനങ്ങൾ അപകടത്തിൽപ്പെടും. ഡ്രൈവർമാർ തമ്മിലുള്ള വഴക്കിനും ഇത് കാരണമാകുന്നു. അടിയന്തരമായി റോഡിന് ഇരുവശവും സംരക്ഷണഭിത്തികൾ കെട്ടി ഇടിഞ്ഞ റോഡ് കൂടുതൽ ബലപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സർവീസ് തുടങ്ങാതെ കെ.എസ്.ആർ.ടി.സി
റോഡ് നിർമ്മാണം തുടങ്ങിയത് മുതൽ കെ.എസ്.ആർ.ടി.സി ഇതുവഴിയുള്ള സർവീസ് നിറുത്തിയിരുന്നു. സർവീസ് പുനരാരംഭിക്കാത്തത് പ്രദേശത്ത് രൂക്ഷമായ യാത്രാക്ളേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകൾ കൂടി തുറന്നതോടെ യാത്ര കൂടുതൽ ദുഷ്ക്കരമായി. മുട്ടാർ, നീരേറ്റുപുറം എന്നിവിടങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. വാഹനപ്പെരുപ്പവും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. എ - സി റോഡിനെയും അപ്പർ കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡെന്നതിന് ഉപരി ചക്കുളത്തുകാവ് ദേവീക്ഷേത്രം - എടത്വാ പള്ളി എന്നിവിടങ്ങളിലേയ്ക്ക് ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും എത്തിച്ചേരാനുള്ള എളുപ്പ മാർഗം കൂടിയാണിത്.
""
രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പേ റോഡിന് ഇരുവശവും ഭിത്തി നിർമ്മിക്കേണ്ടിയിരുന്നു. എം.എൽ.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും കഴിവുകേടാണ് കോടികൾ ചെലവഴിച്ചിട്ടും നാട്ടുകാർക്ക് പ്രയോജനം ലഭിക്കാത്തതിന് കാരണം.
ബൈജു ആറുപറ
കോൺഗ്രസ് മുട്ടാർ മണ്ഡലം പ്രസിഡന്റ്