ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കരുതലോടെ കൂടൊരുക്കാം കുട്ടികൾക്കായി എന്ന പേരിൽ നടത്തുന്ന സമഗ്ര വിദ്യാദ്യാസ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 47 സ്കൂളുകളിലെ അദ്ധ്യാപകർക്കാണ് മാരാരിക്കുളത്തെ ഗാന്ധി സ്മാരകത്തിൽ കിലയുടെ സഹകരണത്തോടെ പരിശീലനം നൽകിയത്. നവംബർ നാലിന് ശേഷം അദ്ധ്യാപകരും സ്കൂൾ കൗൺസിലർമാരും എല്ലാ വിദ്യാർത്ഥികളുമായും സംവദിക്കും. രക്ഷകർത്താക്കൾക്കുള്ള കൗൺസലിംഗും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, കില കോ-ഓർഡിനേറ്റർ ജയലാൽ, ജയരാജ് തുടങ്ങിയവർ സംസാരിച്ചു.