അമ്പലപ്പുഴ: സി.പി.എം പ്രവർത്തകൻ സജീവന്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കൽ പൊലീസ് ഒരുമാസമായി അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. സജീവൻ സി.പി.എമ്മിന്റെ കസ്റ്റഡിയിലാണെന്നും ഉന്നത നേതാക്കളുടെ ഇടപെടലുകൾ ഉള്ളതുകൊണ്ടാണ് പൊലീസിന് സ്വതന്ത്രമായി കേസ് അന്വേഷിക്കാൻ സാധിക്കാത്തതെന്നും അതിനാൽ കേസ് സി.ബി.ഐക്ക് വിടണമെന്നും ബി.ജെ.പി നേതാക്കൾ സജീവന്റെ വീട് സന്ദർശിച്ച ശേഷം ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ.പി. ജയചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ. പ്രദീപ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌, ജനറൽ സെക്രട്ടറി വി. ബാബുരാജ്, സെക്രട്ടറിമാരായ അജു പാർത്ഥസാരഥി, കെ. ജൂലി, രാജീവ്‌ കൊട്ടാരവളവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.