school
വിദ്യാർത്ഥികളെ വരവേൽക്കാൻ സെമിനാരി എൽ പി സ്കൂളിൽ ഞായറാഴ്ചയും ഒരുക്കങ്ങൾ നടത്തുന്ന അധ്യാപകർ

മാന്നാർ: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രവേശനോത്സവത്തിനായി അണിഞ്ഞൊരുങ്ങിയ വിദ്യാലയങ്ങൾ ആഘോഷത്തോടെ ഇന്ന് കുട്ടികളെ വരവേൽക്കും. അതിനായി അദ്ധ്യാപകരും പി.ടി.എയും ഒത്തൊരുമിച്ച് ആഴ്ചകൾക്ക് മുന്നേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
ഏറെ കഠിനാദ്ധ്വാനം വേണ്ടി വന്ന, കാടു കയറിയ സ്കൂൾ പരിസരങ്ങളുടെയും പൊടിപിടിച്ച് കിടന്ന ക്ലാസ് മുറികളുടെയും വൃത്തിയാക്കലി​ന് പ്രാദേശിക ക്ലബുകളുടെയും രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും പങ്കാളിത്തം അദ്ധ്യാപകർക്ക് ആശ്വാസമേകി.

നിലവിലെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചും വേണ്ട സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയുമാണ് സ്കൂളുകൾ സജ്ജമാക്കിയിരിക്കുന്നത്. ഓൺലൈൻ പഠനത്തിന്റെ വിരസതയിലും വീടുകളിലെ വീർപ്പുമുട്ടലിലും കഴിഞ്ഞിരുന്ന കുട്ടികൾക്ക് സ്കൂളുകൾ തുറക്കുന്നത് വലിയ ആശ്വാസമാണ്. അതേസമയം സുരക്ഷയും പ്രധാനമാണ്. മാസ്കുകളും സാനിട്ടൈസറുകളും വാങ്ങി കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകിയാണ് രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിലേക്കെത്തിക്കുന്നത്.

ഒരു സീറ്റിൽ ഒരാൾ എന്ന മാനദണ്ഡത്തിൽ എല്ലാ കുട്ടികളെയും സ്കൂൾ ബസുകളിൽ എത്തിക്കുവാൻ കൂടുതൽ ട്രിപ്പുകൾ നടത്തേണ്ടി വരുന്നത് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില കാരണം താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് പി.ടി.എ ചൂണ്ടിക്കാണിക്കുന്നു. കഴിവതും
രക്ഷകർത്താക്കൾ തന്നെ തങ്ങളുടെ കുട്ടികളെ സ്കൂളിൽ എത്തിച്ച് തിരികെ വീട്ടിൽ കൊണ്ടുപോകുന്നതായിരിക്കും ഉചിതമെന്ന് സ്കൂൾ അധി​കൃതർ പറയുന്നു.

.................

ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികൾ ആദ്യമായിട്ടാണ് സ്കൂളിലേക്കെത്തുന്നത്. അമ്പരപ്പോടെ പുതിയ അന്തരീക്ഷത്തിലേക്ക് കടന്നു വരുന്ന കൊച്ചു കുട്ടികൾക്ക് വളരെ ശ്രദ്ധ നൽകേണ്ടതുണ്ട്.

അലക്സാണ്ടർ പി.ജോർജ്, പ്രഥമാദ്ധ്യാപകൻ

പരുമല സെമിനാരി എൽ. പി സ്കൂൾ

........................................

സർക്കാർ മാർഗ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ എല്ലാവിധ സഹായങ്ങളുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒപ്പമുണ്ട്. സ്കൂൾ തുറക്കുമ്പോൾ യാതൊരു വിധ ആശങ്കയുടെയും കാര്യമില്ല. സലിം പടിപ്പുരയ്ക്കൽ, മാന്നാർ ഗ്രാമപഞ്ചായത്തംഗം