ആലപ്പുഴ: കയർ വ്യവസായത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുക, കാലാവധി കഴിഞ്ഞ കയർ ഫാക്ടറി തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുക, കയർ തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി ഉയർത്തുക, ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇന്ന് അവകാശ സംരക്ഷണ പ്രതിഷേധ ദിനമായി ആചരിക്കും. സംസ്ഥാനത്തെ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കും. വൈക്കത്ത് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനുവും ആലപ്പുഴ കയർ കോർപ്പറേഷന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. അഞ്ചലോസും ആലപ്പുഴ ഫാം ഫൈബേഴ്‌സിന് മുന്നിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി. സത്യനേശനും കയർ ഫെഡിന് മുന്നിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി. മോഹൻദാസും ഉദ്ഘാടനം ചെയ്യും. അവകാശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് തുടക്കമിടുമെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ അറിയിച്ചു.