ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷകർ നടത്തിവരുന്ന പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. വിവാദ നിയമങ്ങൾക്കെതിരെ കോടതിയിൽ കേസ് നൽകിയിരിക്കെ, കോടതിക്ക് പുറത്ത് പ്രതിഷേധങ്ങൾ തുടരുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് ആരാഞ്ഞ കോടതി, പ്രതിഷേധക്കാർ ഡൽഹിയുടെ കഴുത്ത് ഞെരിക്കുന്നുവെന്നും വിമർശിച്ചു.
ജന്തർ മന്തറിൽ സത്യാഗ്രഹം നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ച കിസാൻ മഹാപഞ്ചായത്തിന്റെ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എ.എൻ. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
'സത്യാഗ്രഹം നടത്തുന്നത് കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. നിങ്ങൾ വിവാദ കാർഷിക നിയമ വിഷയത്തിൽ നീതി തേടി കോടതിയിലെത്തിയവരാണ്. കോടതിയിൽ വിശ്വസിക്കുന്നവരാണ്. എന്നിട്ടും കോടതിക്ക് പുറത്ത് പ്രതിഷേധങ്ങൾ തുടരുന്നതിൽ എന്ത് അർത്ഥമാണുള്ളത്. നിങ്ങൾ നീതി ന്യായ വ്യവസ്ഥയ്ക്ക് എതിരെയാണോ പ്രതിഷേധിക്കുന്നത്? രാജ്യത്തെ വ്യവസ്ഥകളിൽ വിശ്വസിക്കൂ. ഡൽഹി അതിർത്തികളും ഹൈവേകളും അടച്ചുള്ള പ്രതിഷേധത്തിൽ ഡൽഹി നഗരം മുഴുവൻ ഞെരിഞ്ഞ് അമരുകയാണ്. ഇപ്പോൾ നഗരത്തിനുള്ളിൽ വരണമെന്നാണോ നിങ്ങളുടെ ആവശ്യം. ഡൽഹിവാസികൾ നിങ്ങളുടെ പ്രതിഷേധത്തിൽ സന്തുഷ്ടരാണോ?. ഇത് അവസാനിപ്പിച്ചേ മതിയാകൂ. നിങ്ങൾ സുരക്ഷാസേനകളെ അടക്കം ആക്രമിക്കുന്നുവെന്നും" ജസ്റ്റിസ് ഖാൻവിൽക്കർ വാക്കാൽ നിരീക്ഷിച്ചു.
എന്നാൽ അതിർത്തികളിൽ പ്രതിഷേധം നടത്തുന്ന സംഘടനയിൽ ഉൾപ്പെട്ടവരല്ല ഹർജിക്കാരായ കിസാൻ മഹാപഞ്ചായത്തെന്ന് അഭിഭാഷകൻ അജയ് ചൗധരി അറിയിച്ചു. ഒപ്പം റോഡുകൾ അടച്ചത് പൊലീസാണ്, പ്രതിഷേധിക്കുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് രവികുമാർ നിർദ്ദേശിച്ചു. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.
അനന്തമായി ഹൈവേകൾ അടച്ചുള്ള പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പ്രതിഷേധക്കാരെ വിമർശിച്ചിരുന്നു.