ന്യൂഡൽഹി: വിവാദമായ ബന്ധു നിയമന കേസിൽ ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന മുൻമന്ത്രി കെ.ടി. ജലീലിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ചട്ടങ്ങൾ ലംഘിച്ചുള്ള ബന്ധു നിയമനം ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. അപേക്ഷ സ്വീകരിക്കാതെയുള്ള ബന്ധു നിയമനമാണ് നടന്നിരിക്കുന്നത്. സംസ്ഥാന ലോകായുക്തയുടെ റിപ്പോർട്ടിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് ബി.ആർ ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഹർജി പിൻവലിക്കാമെന്ന് ഡിവിഷൻ ബെഞ്ച് മുമ്പാകെ ജലീലിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അതിന് കോടതി അനുമതി നൽകി.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ലോകായുക്ത കണ്ടെത്തൽ ഹൈക്കോടതി പിന്നീട് ശരിവച്ചു. ഇതേതുടർന്ന് കെ.ടി. ജലീൽ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ ഉന്നത സ്ഥാനത്ത് അദീബിന് മുമ്പ് ചുമതല വഹിച്ചിരുന്ന രണ്ടുപേരും അപേക്ഷ ക്ഷണിക്കാതെ നിയമിക്കപ്പെട്ടവരാണെന്ന് ജലീലിന്റെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായൺ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുള്ള ജലീലിന്റെ വ്യക്തിത്വം കളങ്കരഹിതമാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ജലീലിന്റെ ബന്ധുവാണ് അദീബ് എന്നും അതിനാൽ ലോകായുക്ത റിപ്പോർട്ടിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലോകായുക്ത റിപ്പോർട്ടിന് പിന്നാലെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിട്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചത് പ്രതിച്ഛായയെ ബാധിക്കാത്തത് കാരണമാണോയെന്നും കോടതി, വാദത്തിനിടെ ആരാഞ്ഞു.