siddique-kappan

ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ലേഖനങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളവയാണെന്ന് യു.പി. പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്.).

കാപ്പനെതിരെ സമർപ്പിച്ച അയ്യായിരം പേജ് വരുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഉത്തരവാദിത്വമുള്ള മാദ്ധ്യമ പ്രവർത്തകനെ പോലെയല്ല കാപ്പൻ പ്രവർത്തിച്ചിരുന്നത്. മാവോയിസ്റ്റുകളെയും കമ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും കാപ്പൻ എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

കാപ്പൻ മലയാളത്തിൽ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങൾ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ഡൽഹി കലാപം, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കേസ് ഡയറിയിലുള്ളത്. രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാമിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമർശിച്ചിട്ടുണ്ട്. കാപ്പന്റെ ലേഖനങ്ങൾ ഒരു പരിധിവരെ മതവികാരം ഇളക്കിവിടുന്നത് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കലാപസമയത്ത് ന്യൂനപക്ഷ വിഭാഗക്കാരുടെ കാര്യം എടുത്തുപറയുന്നതും സംഭവങ്ങളെപ്പറ്റി വിവരിക്കുന്നതും വികാരം ഇളക്കിവിടാൻ ലക്ഷ്യമിട്ടാണ്. ഉത്തരവാദിത്വമുള്ള ഒരു മാദ്ധ്യമ പ്രവർത്തകൻ ഇത്തരത്തിൽ വർഗീയ വികാരം ഇളക്കിവിടാൻ കാരണമാകുംവിധം റിപ്പോർട്ടുചെയ്യാൻ പാടില്ല.

ഹാഥ്‌രസ് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചശേഷം കാപ്പൻ അടക്കമുള്ളവർ ജനക്കൂട്ടത്തെ അധികൃതർക്കെതിരെ ഇളക്കിവിടാൻ ശ്രമിച്ചുവെന്ന തരത്തിൽ രണ്ട് ദൃക്‌സാക്ഷികൾ നൽകിയ മൊഴികളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ സമയത്തൊന്നും ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് പ്രതികളുടെ അഭിഭാഷകൻ പറയുന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഹാഥ്‌രസിലേക്ക് പോകുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.