ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരക ജില്ലയിലെ മോഹൻ ഗാർഡൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 53 ആഫ്രിക്കൻ സ്വദേശികൾ അറസ്റ്റിൽ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഒരു നൈജീരിയൻ സ്വദേശി പ്രദേശത്തെ ഒരു ആശുപത്രിയിൽ മരിച്ചതിന് പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് ആഫ്രിക്കൻ വംശജർ പ്രതിഷേധിക്കുകയായിരുന്നു. ആശുപത്രിയിൽ പൊലീസ് നടപടിക്രമങ്ങൾ തടസപ്പെടുത്തിയ ഇവർ ഉദ്യോഗസ്ഥരുമായി തർക്കിച്ചു. തൊട്ടുപിന്നാലെ നൂറോളം വരുന്ന സംഘം സംഘടിച്ച് മോഹൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലെത്തി വടികളും മറ്റും ഉപയോഗിച്ച് സ്റ്റേഷൻ തല്ലിതകർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു.
അക്രമം നടന്നതിന് തൊട്ടുപിന്നാലെ എട്ട് നൈജീരിയക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.