gurmeet-ram-rahim-singh

ന്യൂഡൽഹി: അനുനായിയെ കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനെന്ന് വിധിച്ച് പ്രത്യേക സി.ബി.ഐ കോടതി.

2002 ജൂലായ് പത്തിന് അനുയായിയായ രഞ്ജിത് സിംഗിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഗുർമീതും മറ്റു അഞ്ചുപ്രതികളും കുറ്റക്കാരനാണെന്നാണ് പഞ്ച്ഗുള സി.ബി.ഐ കോടതി കണ്ടെത്തിയത്. ഈ മാസം 12ന് ശിക്ഷ വിധിക്കും.

ഗുർമീതിനെതിരെ രഞ്ജിത് സിംഗ് ആരോപണങ്ങളുന്നയിച്ചിരുന്നു. രഞ്ജിത്ത് സിംഗിന്റെ മകൻ ജഗ്സീർ സിംഗിന്റെ പരാതിയിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 2003 ഡിസംബർ മൂന്നിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഈ ആഴ്ച ആദ്യം ഗുർമീതിനെരായ കൊലപാതക വിചാരണ പഞ്ച്കുളയിലെ സി.ബി.ഐ കോടതിയിൽ നിന്ന് മറ്റേതെങ്കിലും സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന ഹർജി പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു.

ഹരിയാനയിലെ സിർസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ മേധാവിയായ ഗുർമീത് (53) തന്റെ രണ്ട് ശിഷ്യകളെ പീഡിപ്പിച്ച കേസിൽ 2017ലാണ് ജയിലിലായത്.

പത്രപ്രവർത്തകനായ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകത്തിൽ 2019 ജനുവരിയിൽ ഗുർമീതിനെയും മറ്റ് മൂന്നുപേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗുർമീത് തന്റെ ആശ്രമത്തിൽ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന അജ്ഞാത കത്ത് രാമചന്ദ്ര പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.

നിരവധി പീഡനക്കേസുകൾക്ക് പുറമെ, കൊലക്കേസുകളും ഗുർമീതിന്റെ മേലുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് റാം റഹിം സിംഗിനെതിരെ കേസെടുക്കാൻ 2002ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ സി.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. സിനിമ മേഖലയിലും ഗുർമീത് പേരെടുത്തിരുന്നു.