air

ന്യൂഡൽഹി: 68 വർഷത്തിനു ശേഷം ചരിത്ര നിയോഗം പോലെ ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനി എയർഇന്ത്യ അതിന്റെ സ്ഥാപകരായ ടാറ്റയിലേക്ക്. കടത്തിൽ മുങ്ങിയ എയർഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും 18,000 കോടി രൂപയ്ക്ക് ടാറ്റയുടെ നിയന്ത്രണത്തിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കും. ഡിസംബറോടെ കൈമാറ്റം പൂർത്തിയാകും.

കേന്ദ്ര സർക്കാർ 12,906 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച ലേലത്തിൽ ടാറ്റ 18,000 കോടിയും സ്‌പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗ് ഉൾപ്പെട്ട കൺസോർഷ്യം 15,100 കോടിയുമാണ് ടെൻഡർ നൽകിയത്.

2021 ആഗസ്റ്റ് 31വരെയുള്ള എയർഇന്ത്യയുടെ മൊത്തം കടബാദ്ധ്യതയായ 61,562 കോടിയിൽ 15,300 കോടി രൂപ ടാറ്റ നൽകുന്ന തുകയിലൂടെ വീട്ടും.

ബാക്കി 46,262 കോടി രൂപ വിൽപനയ്ക്കായി രൂപീകരിച്ച എ.ഐ അസെറ്റ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് (എസ്.പി.വി) സർക്കാർ കൈമാറും. 2700 കോടി രൂപ പണമായി ടാറ്റ സർക്കാരിന് നൽകും.

തീരുമാനം ഒക്ടോബർ നാലിന് കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങിയമന്ത്രിതല സമിതിയുടേത്.

വില്പന ധാരണ:

ടാറ്റയ്ക്ക് ലഭിക്കുന്നത്

 എയർഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും.

 ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലുള്ള എയർ ഇന്ത്യയുടെ ലാൻഡിംഗ്/ പാർക്കിംഗ് ആവശ്യത്തിനുള്ള 4,400 ആഭ്യന്തര സ്ലോട്ടുകളും 1,800 അന്താരാഷ്‌ട്ര സ്ളോട്ടുകളും വിദേശത്തെ 900 സ്ളോട്ടുകളും

ജീവനക്കാർ

12,085 ജീവനക്കാരെ ഒരുവർഷം നിലനിറുത്തും. തുടർന്ന് സ്വയം വിരമിക്കൽ/ പുറത്താക്കൽ.

പെൻഷൻകാരുടെ ക്ഷേമവും ടാറ്റയുടെ ഉത്തരവാദിത്തം.

ലോഗോ ഇന്ത്യക്ക് മാത്രം

 അഞ്ചു വർഷം മഹാരാജ അടക്കം എട്ട് ലോഗോകൾ കൈമാറ്റം ചെയ്യാനാകില്ല. പിന്നീടുള്ള കൈമാറ്റം ഇന്ത്യക്കാർക്ക് മാത്രം.

സ്ഥാപിതം 1930

 ടാറ്റ സൺസിന്റെ മുൻ ചെയർമാനും ഇന്ത്യയിലെ ആദ്യ പൈലറ്റുമായ ജെ.ആർ.ഡി ടാറ്റ 1930ൽ സ്ഥാപിച്ച ടാറ്റ എയർ സർവീസസ്

1946 എയർ ഇന്ത്യയായി. 1953 ൽ കേന്ദ്രസർക്കാർ ഏറ്റെടുത്തെങ്കിലും ടാറ്റ നേതൃത്വം നൽകി. 1977ൽ ജനതാ പാർട്ടി സർക്കാർ ടാറ്റയെ പുറത്താക്കി.

ആശങ്ക

 ടാറ്റയ്ക്ക് മുഖ്യ ഒാഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ, വിസ്‌താര വിമാനക്കമ്പനികൾ നഷ്‌ടത്തിലായത് എയർഇന്ത്യയെ ബാധിച്ചേക്കാം.

തറവാട്ടിലേക്ക് സ്വാഗതം

- രത്തൻ ടാറ്റ (ടാറ്റ ചെയർമാൻ)

 ഇത് ചരിത്ര നിമിഷം. അതിയായ സന്തോഷം. രാജ്യത്തിന്റെ ദേശീയ എയർലൈൻസ് കമ്പനി സ്വന്തമാക്കിയത് അപൂർവ്വ നേട്ടം. ഇന്ത്യക്കാരുടെ അഭിമാനമായി ലോകനിലവാരമുള്ള എയർലൈനായി മാറ്റും.

-എൻ. ചന്ദ്രശേഖരൻ,

ടാറ്റ സൺസ് ചെയർമാൻ