ന്യൂഡൽഹി: ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം യാഥാർത്ഥ്യമാകണമെങ്കിൽ സമൂഹത്തിന്റെ താഴേക്കിടയിലുള്ള കുട്ടികൾക്ക് കൂടി ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകണമെന്ന് സുപ്രീംകോടതി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള ഫലപ്രദമായ മാർഗങ്ങൾ അടിയന്തരമായി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സ്വകാര്യ സ്കൂളുകൾ സൗജന്യമായി ഏർപ്പെടുത്തണം എന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ആക്ഷൻ കമ്മിറ്റി അൺഎയ്ഡഡ് റെക്കഗ്നൈസ്ഡ് പ്രൈവറ്റ് സ്കൂൾസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്വകാര്യ സ്കൂളുകൾക്ക് ചെലവാകുന്ന തുക ഡൽഹി സംസ്ഥാന സർക്കാർ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡൽഹി ഹൈക്കോടതി നൽകിയ പരാതിക്കൊപ്പം സംഘടനയുടെ പരാതി കൂടി ചേർത്ത് പരിഗണിച്ച സുപ്രീംകോടതി പ്രശ്നപരിഹാരത്തിന് ഡൽഹി സർക്കാർ ഒരു മാർഗം രൂപീകരിച്ച് കോടതിക്ക് മുന്നിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു.
കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഈ വിഷയം പരിഗണിച്ച് ഒരു ശാശ്വത പരിഹാരം മുന്നോട്ട വയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ അൺ എയ്ഡഡ് സ്വകാര്യ സ്കൂളുകളെ മാത്രമായല്ല സർക്കാർ എയ്ഡഡ് സ്കൂളുകളെക്കൂടി ചേർത്ത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.