ന്യൂഡൽഹി: അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീംകോടതി. വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം കൂടാതെ സി.ബി.ഐക്ക് കേസെടുക്കാം. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്ന കുറ്റപത്രങ്ങളിൽ അന്വേഷണം ആവശ്യപ്പെടാൻ കുറ്റാരോപിതർക്ക് അവകാശമില്ല.
അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ തെലങ്കാന ഹൈക്കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പ്രാഥമിക അന്വേഷണം നടത്തിയില്ലെന്ന കാരണത്താൽ അസാധുവാക്കിയതിനെ തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് നിരീക്ഷണം. സി.ബി.ഐ മാനുവലിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നിർബന്ധമായും നടത്തണമെന്ന് നിഷ്‌കർഷിക്കുന്നില്ലെന്നായിരുന്നു സി.ബി.ഐ വാദം.
'സർക്കാർ ജീവനക്കാർക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള അഴിമതിയാരോപണങ്ങളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം ആവശ്യമാണ്. തിടുക്കപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ തൊഴിൽ ജീവിതത്തെ ബാധിക്കും. മുൻ കാലങ്ങളിലെ സമാനമായ കേസുകളിലെ വിധിയുടെ പശ്ചാത്തലത്തിൽ വാറന്റ് ആവശ്യമില്ലാതെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് 'സുപ്രീംകോടതിയുടെ നിരീക്ഷണം.
അഴിമതി കേസുകളിൽ പ്രാഥമിക അന്വേഷണം വേണമെന്നുള്ള സുപ്രീംകോടതിയുടെ മുൻകാല വിധി കുറ്റാരോപിതർക്ക് അധിക സുരക്ഷ ഉറപ്പാക്കുന്നതിനല്ല, മറിച്ച് സർക്കാർ ജീവനക്കാരായ ഉദ്യോഗസ്ഥർക്ക് മുകളിൽ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങൾ കൊണ്ട് നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് വേണ്ടിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാൽ, സി.ബി.ഐയ്ക്ക് മുന്നിലെത്തുന്ന എല്ലാ കേസുകളിലും ഇത് ബാധകമല്ല. സി.ബി.ഐ മാനുവലിൽ പ്രാഥമിക അന്വേഷണം നടത്തേണ്ട സാഹചര്യങ്ങളെക്കുറിച്ചുള്ള മാർഗ നിർദേശങ്ങൾ പഠനവിധേയമാക്കിയ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം സി.ബി.ഐയ്ക്ക് ലഭിക്കുന്ന പരാതിയുടെയും തെളിവുകളുടെയും സ്വഭാവമനുസരിച്ച് പ്രാഥമിക അന്വേഷണമാവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാം. പരാതിയുടെയും തെളിവുകളുടെയും പശ്ചാത്തലത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് സി.ബി.ഐ താത്പര്യപ്പെടാതിരുന്നാൽ കുറ്റാരോപിതർക്ക് അന്വേഷണമാവശ്യപ്പെടുന്നത്തിനുള്ള അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.