vaccine

ന്യൂഡൽഹി : കൊവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാർ ഇനി ജോലിക്ക് ഹാജരാകേണ്ടെന്ന് ഡൽഹി സർക്കാർ. ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവർ ഇനി ജോലിക്ക് എത്തേണ്ടെന്നാണ് ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശം.

നിയമം ഈ മാസം 16 മുതൽ പ്രാബല്യത്തിൽ വരും. അദ്ധ്യാപകർ, മുൻനിര പോരാളികൾ എന്നിവർക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഒരു ഡോസ് സ്വീകരിക്കുന്നത് വരെ ഇവർ അവധിയിലാണെന്ന് പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ആരോഗ്യ സേതു ആപ്പിലെ വെരിഫിക്കേഷൻ സ്റ്റാറ്റസ്, അല്ലെങ്കിൽ കൊവിഡ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് ജീവനക്കാർ വാക്സിൻ സ്വീകരിച്ചു എന്ന് ഓഫീസ് മേലധികാരികൾ ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ഒപ്പുവച്ച ഉത്തരവിൽ നിർദ്ദേശിച്ചു.

ജീവനക്കാർ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്ന നടപടി, ഡൽഹിയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ കേന്ദ്രസർക്കാർ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.