ന്യൂഡൽഹി: ലഖിംപൂർ കൂട്ടക്കൊലക്കേസിലെ പ്രതി ആശിഷ്‌മിശ്ര ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ യു.പി ക്രൈംബ്രാഞ്ച് കേന്ദ്രമന്ത്രിയുടെ വസതിയിലെത്തി വീണ്ടും നോട്ടീസ് പതിച്ചു.
സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെ ഇന്നലെ രാവിലെ 11ന് കേന്ദ്രമന്ത്രിയുടെ വസതിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് പതിക്കുകയായിരുന്നു. ഇന്ന് ഹാജരായില്ലങ്കിൽ നിയമപരമായ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് മകൻ ആശിഷ് മിശ്ര ഇന്നലെ ഹാജരാകാതിരുന്നതെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര പറഞ്ഞു.
'ഇന്ന് അവൻ പൊലീസിന് മുമ്പാകെ ഹാജരാകും. മകൻ നിരപരാധിയാണ്. അക്രമം നടക്കുമ്പോൾ അവൻ സംഭവസ്ഥലത്തില്ലായിരുന്നു. അവന്റെ പങ്കാളിത്തമുള്ള വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ല. തെളിവുകളുണ്ടെങ്കിൽ പൊലീസ് നൽകിയ നമ്പറിൽ ആർക്കും വീഡിയോ അപ്‌ലോഡ് ചെയ്യാം.'- അജയ് മിശ്ര പറഞ്ഞു.
രണ്ട് കോടി നൽകുമെന്ന്
അഖിലേഷ് യാദവ്
എസ്.പി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര എന്നിവർ കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ കൊല്ലപ്പെട്ട നാല് കർഷക കുടുംബങ്ങൾക്ക് 2 കോടി രൂപ വീതം നൽകുമെന്ന് അഖിലേഷ് പറഞ്ഞു.
18ന് രാജ്യവ്യാപക ട്രെയിൻ തടയൽ സമരം
ലഖിംപൂർ അക്രമത്തിൽ പ്രതിഷേധിച്ച് 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം,
അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണം,കൊലപാതകങ്ങളടക്കമുള്ള ഗൂഢാലോചന നടത്തിയതിന് അജയ് മിശ്ര, ആശിഷ് മിശ്ര, സുമിത് ജയ്സ്വാൾ, അങ്കിത് ദാസ് എന്നിവരെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.