ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് കൂടുതൽ സേനകളെ പിൻവലിക്കുന്നത് ചർച്ച ചെയ്യാൻ ഇന്ത്യ-ചൈന കമാൻഡർമാരുടെ 13-ാം വട്ട കൂടിക്കാഴ്ച ഇന്ന് നടക്കും. അതിർത്തിയിലെ മോൾഡോയിൽ ചൈനയുടെ ഭാഗത്ത് ഇന്ന് രാവിലെ 10.30നാണ് കൂടിക്കാഴ്ച.
ഹോട്ട്സ്‌പ്രിംഗ് മേഖലയിൽ നിന്നുള്ള സേനാ പിൻമാറ്റമാണ് പ്രധാന അജൻഡയെന്ന് കരസേന അറിയിച്ചു. ജൂലായ് 31ന് നടന്ന 12-ാം വട്ട ചർച്ചയെ തുടർന്ന് ഗോഗ്ര മേഖലയിൽ നിന്ന് ഇരുപക്ഷവും സേനകളെ പിൻവലിച്ചിരുന്നു. ഡെപസാംഗ്, ഡെംചോക് മേഖലകളിലെ സൈന്യത്തെ പിൻവലിക്കുന്ന വിഷയവും ഇന്ത്യ ഉന്നയിച്ചേക്കും.
അരുണാചൽ പ്രദേശിലെ തവാംഗിലും ഉത്തരാഖണ്ഡിലെ ബാരാഹോത്തിയിലും ചൈനീസ് സേന കടന്നുകയറിയത് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷത്തിനിടയാക്കിയെങ്കിലും കമാൻഡർതല ചർച്ചയിലൂടെ പരിഹരിച്ചിരുന്നു.