india-and-denmark

ന്യൂഡൽഹി: ആരോഗ്യ, കാർഷിക മേഖലകളിൽ കൂടുതൽ സഹകരിക്കാൻ ഇന്ത്യയും ഡെൻമാർക്കും ധാരണയിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെത്തിയ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡറിക്സണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് പുതിയ മാനങ്ങൾ നൽകി ആരോഗ്യ മേഖലയിൽ പുതിയ പങ്കാളിത്തം ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ കാർഷിക ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ വികസനം, ഭക്ഷ്യ സുരക്ഷ, ശീതീകരണ ശൃംഖല, ഭക്ഷ്യ സംസ്‌കരണം, വളങ്ങൾ,ഫിഷറീസ്, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലെ സാങ്കേതികവിദ്യകൾ എന്നിവയിൽ ഡെന്മാർക്ക് സഹകരിക്കും. സ്മാർട്ട് ജലവിഭവ പരിപാലനം, മാലിന്യ സംസ്കരണം, വിതരണശൃംഖല എന്നീ മേഖലകളിലും സഹകരണം വിപുലപ്പെടുത്താൻ ധാരണയായി. ഡാനിഷ് കമ്പനികളോട് മേക്ക് ഇൻ ഇന്ത്യാ പദ്ധതിയിൽ പങ്കാളികളാവാൻ മോദി അഭ്യർത്ഥിച്ചു.

പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു. വിവിധ അന്താരാഷ്‌ട്ര വേദികളിൽ നൽകിയ ശക്തമായ പിന്തുണയ്ക്ക് ഡെൻമാർക്കിനോട് നന്ദി പ്രകടിപ്പിച്ചു. ഭാവിയിലും സമാനമായ സഹകരണം തുടരാൻ ധാരണയായി. ഡെൻമാർക്കിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മെറ്റെ ഫെഡറിക്സൺ മോദിയെ ക്ഷണിച്ചു.