farmers-protest

ന്യൂഡൽഹി: ലഖിം പൂർ ഖേരി സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ അസ്ഥികലശവുമായി രാജ്യവ്യാപകമായി ഷഹീദ് കിസാൻ യാത്ര നടത്തുമെന്ന് കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം യാത്രകൾ നടത്തും. സംസ്ഥാനങ്ങളിലെ വിശുദ്ധമായതോ ചരിത്രപരമോ ആയ സ്ഥലങ്ങളിൽ യാത്രകൾ സമാപിക്കും.

12 ന് രക്തസാക്ഷികളായ കർഷകർക്ക് ലഖിംപൂരിലും രാജ്യവ്യാപകമായും ആദരാജ്ഞലി അർപ്പിക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ദസറയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ബി.ജെ.പിയുടെ ഓരോ പ്രദേശത്തെയും പ്രധാന നേതാക്കൾ എന്നിവരുടെ പ്രതിമകൾ കത്തിക്കും.

26 ന് ലക്നൗവിൽ കർഷകരുടെ മഹാ പഞ്ചായത്ത് നടത്തും. കേന്ദ്ര മന്ത്രിസഭയിൽ നിന്നും അജയ് മിശ്രയെ പുറത്താക്കി അറസ്റ്റ് ചെയ്യുക, ആശിഷ് മിശ്രയെയും കൂട്ടാളികളെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ 18 ന് രാജ്യവ്യാപകമായി ട്രെയിൻ തടയും. ബി.ജെ.പി നേതാക്കളുടെ പങ്കാളിത്തത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടും ഒരു നടപടിയുമെടുക്കാത്തതിൽ സംയുക്ത കിസാൻ മോർച്ച നേതാക്കളായ ബൽവീർ സിംഗ് രാജേവാൾ, ഡോ. ദർശൻ പാൽ, ഹനൻ മൊള്ള, യോഗേന്ദ്ര യാദവ് എന്നിവർ പ്രതിഷേധിച്ചു.