ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് മൂന്നു സംസ്ഥാനങ്ങൾ പവർക്കട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളവും കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക്. കേന്ദ്രത്തിൽനിന്നുള്ള വൈദ്യുതി വിഹിതത്തിലെ കുറവ് ഒരാഴ്ച തുടർന്നാൽ സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവാണ് കേരളത്തിലുണ്ടായത്.
പ്രതിസന്ധി തരണം ചെയ്യുന്നത് ആലോചിക്കാൻ മന്ത്രി ഇന്ന് ഉന്നതതലയോഗം വിളിച്ചു. രാജ്യത്തെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിംഗിന്റെ നേതൃത്വത്തിൽ ഇന്നലെ അവലോകനയോഗം ചേർന്നിരുന്നു.
പഞ്ചാബിലും രാജസ്ഥാനിലും യു.പിയിലുമാണ് പവർകട്ട് പ്രഖ്യാപിച്ചത്. ഗുജറാത്ത്, ആന്ധ്ര, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷം.ജാർഖണ്ഡ്, ബീഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ അപ്രഖ്യാപിത പവർകട്ടുണ്ട്. യു.പിയിൽ 14 താപവൈദ്യുത നിലയങ്ങൾ പൂട്ടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വൈദ്യുതി ഉറവിടം കൽക്കരി താപനിലയങ്ങളാണ്. 135 എണ്ണത്തിൽ ഏറിയ പങ്കും ഉത്തരേന്ത്യയിലാണ്.
ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലെ തുടർച്ചയായ മഴ കൽക്കരിഖനികളുടെ പ്രവർത്തനത്തെ ബാധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കൽക്കരി സ്റ്റോക്ക് ചെയ്യാത്തതും കാരണമായി. ഖനികൾക്കു സമീപമുള്ള താപവൈദ്യുതി നിലയങ്ങൾ 10 ദിവസത്തേക്കും അകലെയുള്ളവ 20 ദിവസത്തേക്കും സ്റ്റോക്ക് ചെയ്യണമെന്നാണ് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശം. രാജ്യാന്തര വിപണിയിൽ കൽക്കരി വില 40% വർദ്ധിച്ചതോടെ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കരുതി ഇറക്കുമതി കുറച്ചതും കാരണമായി. ചൈന കഴിഞ്ഞാൽ കൽക്കരി ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. കഴിഞ്ഞ മാർച്ചിൽ ടണ്ണിന് 60 ഡോളറായിരുന്ന വില 200 ഡോളറിലെത്തി.
രാജ്യത്ത് 70%
കേരളം പ്രതിദിന ഉപഭോഗം
68-72 ദശലക്ഷം യൂണിറ്റ്:മഴക്കാലത്ത്
83-88 ദശലക്ഷം യൂണിറ്റ്: വേനൽക്കാലത്ത്
ഭീതി അനാവശ്യം
''ആവശ്യത്തിന് കൽക്കരി ലഭ്യമാണ്. ആർക്കൊക്കെയാണ് കൽക്കരി വേണ്ടതെന്ന് അപേക്ഷ അയയ്ക്കൂ. നൽകാം. നാലു ദിവസം പ്രവർത്തിക്കാനുള്ള കൽക്കരി കരുതൽ ശേഖരമായുണ്ട്. പണം നോക്കാതെ വിതരണം തുടരും. പവർ പർച്ചേസ് വ്യവസ്ഥ പ്രകാരം വൈദ്യുതി ലഭ്യമായിട്ടും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയാൽ നടപടി ഉണ്ടാകും.
-ആർ.കെ.സിംഗ്,
കേന്ദ്ര ഊർജമന്ത്രി
''പവർകട്ട് ഒഴിവാക്കാനുള്ള പരമാവധി ശ്രമം നടത്തും. കേന്ദ്രത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. ഈ സാഹചര്യം തുടർന്നാൽ പവർകട്ട് ഏർപ്പെടുത്തേണ്ടിവരും.
കെ. കൃഷ്ണൻകുട്ടി,
സംസ്ഥാന വൈദ്യുതി മന്ത്രി