ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ നിർമ്മിച്ച 'കൊറോണ മാതാ' ക്ഷേത്രം തകർത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് ഹർജി ഫയൽ ചെയ്ത സ്ത്രീയ്ക്ക് സുപ്രീംകോടതി അയ്യായിരം രൂപ പിഴയിട്ടു. നാലാഴ്ചയ്ക്കുള്ളിൽ പിഴ സുപ്രീം കോടതിയിലെ അഭിഷകരുടെ ക്ഷേമനിധിയിൽ അടയ്ക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും എം.എം.സുന്ദരേഷും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീയാണ് ഹർജി സമർപ്പിച്ചത്. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് പിഴ ഈടാക്കിയത്.

ഗ്രാമത്തെ കൊവിഡിൽ നിന്ന് രക്ഷിക്കാനായാണ് ദീപ്മാലയും ഭർത്താവ് ലോകേഷ് കുമാർ ശ്രീവാസ്തവയും ശുക്ലപൂർ ഗ്രാമത്തിൽ കൊറോണ ദേവിയുടെ ക്ഷേത്രം നിർമ്മിച്ചത്. നിരവധി പേർ അവിടെ പ്രാർത്ഥിക്കാൻ എത്തിയിരുന്നു. ഭൂമിയുടെ കൈവശാവകാശക്കാരനായ നാഗേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് ക്ഷേത്രം പൊളിച്ചുനീക്കി. ഇതിനെതിരെയാണ് ദീപ്മാല ഹർജി നൽകിയത്.