ന്യൂഡൽഹി: രാമനെയും കൃഷ്ണനെയും ആദരിക്കാൻ പാർലമെന്റിൽ നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. രാമൻ, കൃഷ്ണൻ, രാമായണം, ഗീത ഇവയുടെ കർത്താക്കളായ മഹർഷി വാത്മീകി, വേദ വ്യാസൻ എന്നിവർ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. അവർക്ക് ദേശീയ തലത്തിൽ ആദരം നൽകാൻ പാർലമെന്റിൽ നിയമം പാസാക്കണം. അതിന് പുറമേ രാജ്യത്തെ സ്‌കൂളുകളിൽ ഈ വിഷയം നിർബന്ധിത പാഠ്യവിഷയമാക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് നിരീക്ഷിച്ചു. രാമനെയും ലക്ഷ്മണനെയും കുറിച്ച് ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയ ആകാശ് ജാദവിന് (സൂര്യ പ്രകാശ്) ജാമ്യം അനുവദിക്കവേയാണ് ജസ്റ്റിസ് ശേഖർ കുമാർ പ്രത്യേക പരാമർശംനടത്തിയത്. കേസിൽ പത്തു മാസത്തോളം ജയിലിൽ കിടന്ന ഇയാളുടെ പേരിലുള്ള നിയമ നടപടികൾ ഉടനൊന്നും അവസാനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
മുഖസ്തുതികളും സ്വാർത്ഥതയും കൊണ്ട് ചരിത്രകാരൻമാർ ഇന്ത്യൻ സംസ്‌കാരത്തിന് ഒരുപാട് കളങ്കം ഏൽപ്പിച്ചിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. നിലവിലെ പാഠ്യപദ്ധതി ഒട്ടും ശരിയല്ല. രാമനെയും കൃഷ്ണനെയും ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾ ആദരിച്ചു വരുന്നു.
അടുത്തയിടയായി സമുദായ നേതാക്കളെ, അതിപ്പോൾ ഹിന്ദു, മുസ്ലിം, കൃസ്ത്യൻ, സിക്ക് തുടങ്ങി ഏത് വിഭാഗത്തിൽപ്പെട്ട വലിയവരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രവണതകൾ കണ്ടു വരുന്നു. രാമനെയും കൃഷ്ണനെയും അപമാനിക്കുന്നത് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തിയാണ്. അത് സമൂഹത്തിലെ സമാധാനവും സാഹോദര്യവും തകർക്കുക മാത്രമല്ല നിഷ്‌കളങ്കരായ ജനങ്ങൾ അതിന്റെ പ്രതികൂല ഫലം അനുഭവിക്കേണ്ടി വരും.
അയോദ്ധ്യ രാമജന്മഭൂമി കേസിൽ സുപ്രീംകോടതി വിധി രാമനെ വിശ്വസിക്കുന്നവർക്ക് അനുകൂലമായി.രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഹൃദയത്തിൽ രാമനുണ്ട്. രാമൻ ഇന്ത്യയുടെ ആത്മാവാണ്. രാജ്യത്തിന്റെ സംസ്‌കാരം തന്നെ രാമനില്ലാതെ പൂർണമാകുകയില്ല. ഇന്ത്യയുടെ ഭരണഘടന ഓരോരുത്തർക്കും ദൈവത്തിൽ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഒരു നിരീശ്വര വാദിക്ക് ദൈവത്തിൽ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അവർക്ക് ദൈവങ്ങളെ അപമാനിക്കുന്ന തരത്തിൽ പൊതു ഇടങ്ങളിൽ മോശം ചിത്രങ്ങൾ പ്രചരിപ്പിക്കാനോ പരാമർശങ്ങൾ നടത്താനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.