ashish-mishra

സംഭവത്തിൽ കർഷകർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: ലഖിംപൂരിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ?​ കഴിയുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടാനൊരുങ്ങി യു.പി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. ഇതിനായി ഇന്ന് ലഖിംപൂർ ഖേരി ജില്ലാ കോടതിയെ സമീപിക്കും. ആശിഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണിത്. നിലവിൽ ആശിഷ് 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.

ഡി.ഐ.ജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഒമ്പത് അംഗ സംഘം ഇതിനുള്ള പദ്ധതി തയാറാക്കി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം മുമ്പാകെ കീഴടങ്ങിയ ആശിഷ് മിശ്ര 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അര മണിക്കൂർ നേരം മാത്രമാണ് അന്വേഷണ സംഘത്തോട് സഹകരിച്ചത്.

അതിനിടെ, കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കുമെന്ന് സൂചനയുണ്ട്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ അജയ് മിശ്ര രാജിവയ്ക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളതെന്നാണ് വിവരം. യുയപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഈ നിലപാടാണുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൊഴികളിലും തെളിവുകളിലും വൈരുദ്ധ്യം

കർഷകരെ വാഹനമിടിച്ച് കൊല ചെയ്ത സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലെന്ന് തെളിയിക്കാൻ ആശിഷ് ഹാജരാക്കിയ പത്ത് വീഡിയോ ക്ലിപ്പുകളിലും ചിലരുടെ സത്യവാങ്മൂലത്തിലും വൈരുദ്ധ്യങ്ങളേറെയാണെന്ന് അന്വേഷണ സംഘത്തലവൻ ഡി.ഐ.ജി ഉപേന്ദ്ര അഗർവാൾ പറഞ്ഞു. താൻ ഒരു ഗുസ്തി മത്സരവേദിയിലും ഇടയ്ക്ക് തന്റെ അരി മില്ലിൽ പോയെന്നുമാണ് ആശിഷിന്റെ വാദം. എന്നാൽ ആശിഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് ഈ വാദം തള്ളി. സംഭവം നടന്ന ഉച്ചയ്ക്ക് 2.36 മുതൽ 3.30 വരെ എവിടെയായിരുന്നുവെന്ന് പറയാൻ ആശിഷിനായിട്ടില്ല.

അസ്ഥികലശ യാത്ര ഇന്ന്

ലഖിംപൂർ ഖേരി സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ അസ്ഥികലശവുമായുള്ള രാജ്യവ്യാപകമായ ഷഹീദ് കിസാൻ യാത്ര നാളെ നടക്കും. ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം യാത്രകൾ നടത്തും. രക്തസാക്ഷികളായ കർഷകർക്ക് ലഖിംപൂരിലും രാജ്യവ്യാപകമായും ആദരാഞ്ജലി അർപ്പിക്കും.

വിവാദ പ്രസ്താവനയുമായി രാകേഷ് ടികായത്ത്

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊല ചെയ്തപ്പോൾ രണ്ട് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടത് അടിക്കുള്ള തിരിച്ചടിയാണെന്ന് പറഞ്ഞ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വിവാദത്തിലായി. ഈ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ താൻ കുറ്റക്കാരായി കാണുന്നില്ലെന്ന ടികായത്തിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും രംഗത്തെത്തി.