ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് മേഖലയിലെ സംഘർഷ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ സൈന്യങ്ങളെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അതിർത്തിയിലെ ചുഷുൽ മോൾഡയിൽ ഇന്ത്യയുടെയും ചൈനയുടെയും കമാൻഡർമാർ 13-ാം വട്ട കൂടിക്കാഴ്ച നടത്തി.
ഇന്നലെ രാവിലെ 10.30ന് തുടങ്ങിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മോൾഡോയിൽ ചൈനയുടെ ഭാഗത്ത് നടന്ന ചർച്ചയിൽ ലേയിലെ 14-ാം കോർപ്‌സ് ഫയർ ആൻഡ് ഫ്യൂരി കമാൻഡറും മലയാളിയുമായ ലഫ്.ജനറൽ പി.ജി.കെ മേനോനാണ് ഇന്ത്യൻ സംഘത്തിനെ പ്രതിനിധീകരിക്കുന്നത്.
ഹോട്ട്സ്‌പ്രിംഗ് മേഖലയിൽ നിന്നുള്ള സേനാ പിൻമാറ്റമാണ് പ്രധാന അജൻഡ. ജൂലായ് 31ന് നടന്ന 12-ാം വട്ട ചർച്ചയെ തുടർന്ന് ഗോഗ്ര മേഖലയിൽ നിന്ന് ഇരുപക്ഷവും സേനകളെ പിൻവലിച്ചിരുന്നു. സംഘർഷ മേഖലയിൽ നിന്ന് സേനകളെ പൂർണമായി പിൻവലിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്.