ന്യൂഡൽഹി: നരേന്ദ്ര മോദി ഭരിക്കുന്ന ഈ രാജ്യത്ത് ആരും സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ന്യായ് കിസാൻ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. അധികാരത്തിലുള്ള ബി.ജെ.പി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണ് രാജ്യത്ത് സുരക്ഷിതർ.
ഈ രാജ്യം പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്തല്ല. നിങ്ങളുടേതാണ് . ഈ അനീതിക്കെതിരെ ഇനിയും പ്രതികരിക്കാതെ പോകരുത്. കർഷകരാണ് ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത്. അവരുടെ മക്കളാണ് രാജ്യാതിർത്തി കാക്കുന്നത്. ചില ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇവിടെ വന്ന പ്രധാനമന്ത്രിക്ക് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാൻ സമയമില്ലായിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നത് വരെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. ഞങ്ങൾക്ക് ആരെയും പേടിയില്ല. ഇവിടെ മാറ്റം വരുത്തേണ്ടവർ എന്നോടൊപ്പം ചേരുക. നമുക്കൊരുമിച്ച് പോരാടാമെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് പെട്രോൾ, ഡീസൽ, പാചക വില എന്നിവയെല്ലാം വർദ്ധിക്കുകയാണ്. തൊഴിലില്ലായ്മ ഉച്ചസ്ഥായിയിലാണ്. എന്നാൽ പ്രധാനമന്ത്രി തനിക്ക് വേണ്ടി 16000 കോടി രൂപയ്ക്ക് വിദേശത്ത് നിന്ന് രണ്ട് വിമാനം വാങ്ങിയപ്പോൾ ,18000 കോടിക്ക് എയർ ഇന്ത്യ പണക്കാരായ സുഹൃത്തുക്കൾക്ക് വിറ്റു. കാർഷക നിയമങ്ങൾ നടപ്പിലാക്കിയാൽ തങ്ങളുടെ ഭൂമി മോദിയുടെ കോർപ്പറേറ്റ് സുഹൃത്ത് കൊണ്ടു പോകുമെന്ന് കർഷകർക്കറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.