ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊല ചെയ്ത സംഭവത്തിൽ കർഷകർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ ന്യായ് കിസാൻ റാലി ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി. യു.പിയിൽ അടുത്ത കാലത്ത് കോൺഗ്രസ് നടത്തിയ സമ്മേളനങ്ങളിൽ നിന്ന് ഭിന്നമായി വൻജനാവലിയാണ് റാലിയിൽ പങ്കെടുത്തത്. റാലിക്ക് നേതൃത്വം നൽകിയ പ്രിയങ്ക ഗാന്ധിയും വേഷത്തിലും പ്രസംഗത്തിലും വ്യത്യസ്തത പുലർത്തി.
നെറ്റിയാകെ മഞ്ഞളും ചന്ദനവും കുങ്കുമവും പൂശിയ പ്രിയങ്ക പൊതുസമ്മേളനത്തിലെ പ്രസംഗം തുടങ്ങിയത് ദേവീസ്തുതികൾ ആലപിച്ചുകൊണ്ടായിരുന്നു. നവരാത്രിയുടെ പ്രാധാന്യം വിശദീകരിച്ച പ്രിയങ്ക നാലാം ദിനമായ ഇന്ന് താനും നവരാത്രി വ്രതത്തിലാണെന്ന് എടുത്ത് പറഞ്ഞു.
യു.പിയിലെ ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്ന സന്ദേശമാണ് സമ്മേളനത്തിലുടനീളം പ്രിയങ്ക ഉയർത്തി പിടിച്ചത്. "നിങ്ങൾക്ക് വേണ്ടി ജയിലിൽ പോകാനും തയാറാണെന്ന് പ്രഖ്യാപിച്ച പ്രിയങ്ക ജനങ്ങൾ തന്നോടൊപ്പം നിൽക്കണമെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു. ആവേശം നിറച്ച പ്രസംഗം മുഴുവൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു. യു.പി.യൂണിറ്റ് കോൺഗ്രസ് പ്രസിഡന്റെ അജയകുമാർ ലല്ലു, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ എന്നിവരും സംസാരിച്ചു.