manish

ന്യൂഡൽഹി: കൽക്കരി ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്സിജൻ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തിൽ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞതെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. നിലവിൽ കൽക്കരിയുടെ അവസ്ഥയും അതുതന്നെ. കടുത്ത പ്രതിസന്ധിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൽക്കരി ക്ഷാമത്തിന്റെ പേരിൽ അനാവശ്യമായ ഭീതിയാണ് ചിലർ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും നിലവിലെ പ്രശ്നങ്ങൾ ദിവസങ്ങൾക്കകം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമർശനവുമായി സിസോദിയ രംഗത്തെത്തിയത്. കേന്ദ്ര ഊർജമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് സിസോദിയ ആരോപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.