ന്യൂഡൽഹി: കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് നേതൃ സംഘമെത്തി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട 19 വയസുകാരൻ ലവ് പ്രീത് സിംഗിന്റെയും മാദ്ധ്യമ പ്രവർത്തകൻ രമൺ കശ്യപിന്റെയും വീട്ടിലെത്തി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം. പി. മുഹമ്മദ് കോയ, യു.പി. സംസ്ഥാന പ്രസിഡന്റ് ഡോ. മതീൻ ഖാൻ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി. കെ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഫുർഖാൻ ഖാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ലഖിംപൂരിലെ പാലിയ ഗ്രാമത്തിലെ ചോക്ര ഫാമിലെ ലവ് പ്രീത് സിംഗിന്റെ വസതിയിലാണ് നേതാക്കൾ ആദ്യമെത്തിയത്. പിതാവ് സത്നംസിംഗ്, മാതാവ് സത്വേന്ദർ കൗർ, സഹോദരിമാരായ ഗഗൻദീപ് കൗർ, അമൻ ദീപ് കൗർ എന്നിവരെ കണ്ട് ആശ്വസിപ്പിച്ചു. സംഭവദിവസം കൊല്ലപ്പെട്ട സാധന ടൈംസ് എന്ന ചാനലിന്റെ റിപ്പോർട്ടർ രമൺ കശ്യപിന്റെ പിതാവ് രാംദുലാരിയെയും ഭാര്യ ആരാധന ദേവി, 11 വയസുകാരി മകൾ വൈഷ്ണവി, രണ്ടര വയസുകാരൻ അഭിനവ്,അമ്മ സന്തോഷി കുമാരി എന്നിവരെയും സന്ദർശിച്ചു.
കേന്ദ്ര മന്ത്രിയുടെ മകനെ സംരക്ഷിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.