modi-g20

ന്യൂഡൽഹി: അഫ്ഗാൻ മേഖല ഭീകരരുടെ താവളമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു.

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ജി-20 പ്രത്യേക ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ തീവ്രവാദ പ്രവർത്തനവും മയക്കുമരുന്ന് -ആയുധ കള്ളക്കടത്തിനുമെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. കഴിഞ്ഞ 20 വർഷത്തെ സാമൂഹിക,സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കാൻ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം ആവശ്യമാണ്. അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് ജി- 20യുടെ പിന്തുണ ഉറപ്പാക്കണം. അഫ്ഗാനിൽ നല്ല മാ​റ്റം കൊണ്ടുവരാൻ അന്താരാഷ്‌ട്ര തലത്തിൽ മികച്ച പ്രതികരണം ഉണ്ടാക്കണം.

പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അറിയാം. അവർക്ക് അടിയന്തര മാനുഷിക സഹായം ഉറപ്പാക്കാൻ അന്താരാഷ്‌ട്രത്തിന് ബാദ്ധ്യതയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ഇ​റ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി അദ്ധ്യക്ഷത വഹിച്ചു.