advocate-shot-dead

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലാ കോടതിയിൽ അഭിഭാഷകനെ വെടിവച്ച് കൊന്നു. ജല്ലാബാദ് സ്വദേശിയായ അഭിഭാഷകൻ ഭപേന്ദ്ര പ്രതാപ് സിംഗ് (60) ആണ് കൊല്ലപ്പെട്ടത്. കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികിൽ നിന്ന് നാടൻ തോക്കും കണ്ടെടുത്തു.

പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടെന്നും പിന്നാലെ അഭിഭാഷകൻ നിലത്തുവീണ് കിടക്കുന്നത് കണ്ടെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവസമയം ഇദ്ദേഹത്തിന്റെ സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ വ്യക്തമല്ലെന്ന് ഷാജഹാൻപൂർ എസ്.പി എസ്. ആനന്ദ് പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര പ്രതാപ് സിംഗ് അഞ്ച് വർഷം മുമ്പാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ദ്ധരടക്കം കോടതിയിലെത്തി പരിശോധന നടത്തി.
ഉത്തർപ്രദേശിലെ ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും ആരും തന്നെ സുരക്ഷിതരല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ബി.എസ്.പി നേതാവ് മായാവതി ട്വീറ്റ് ചെയ്തു.

യു.പിയിൽ കോടതിക്കുള്ളിൽ ഇതിന് മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2019ൽ യു.പി സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ നൂതൻ യാദവിനെ ഇറ്റായിലെ ഔദ്യോഗിക വസതിയിൽ കയറി അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. അതേ വർഷം ആഗ്ര ബാർ കൗൺസിലിന്റെ ആദ്യ വനിത പ്രസിഡന്റായിരുന്ന ദർവേഷ് യാദവ് ആഗ്ര കോടതിയുടെ ചേംബറിൽ വെടിയേറ്റ് മരിച്ചു. അടുത്തയിടെ ഡൽഹി രോഹിണിയിലെ കോടതിയിൽ അക്രമികൾ ജഡ്ജിക്ക് മുന്നിലിട്ട് വിചാരണക്കേസിലെ പ്രതിയായ ഗുണ്ടാത്തലവനെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.