covaxin

ന്യൂഡൽഹി: കൊവാക്സിന് അന്താരാഷ്‌ട്രതലത്തിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങൾ തേടി. 26ന് ചേരുന്ന ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി കൊവാക്സിന് അനുമതി നൽകുന്നത് പരിഗണിക്കും.

അനുമതി നൽകുന്നതിന് മുമ്പ് വാക്സിൻ പൂർണ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിനുള്ള വിവരങ്ങളാണ് നിർമ്മാതാക്കളിൽ നിന്ന് ആവശ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവാക്സിന് അന്താരാഷ്‌ട്ര അനുമതി ലഭിക്കാൻ ഏറെപ്പേർ കാത്തിരിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ ഇക്കാര്യത്തിൽ ചട്ടങ്ങൾ അവഗണിക്കാൻ കഴിയില്ല. വാക്സിന്റെ ഗുണനിലവാരം, സുരക്ഷ, വൈറസിനെതിരെയുള്ള പ്രതിരോധ ശക്തി തുടങ്ങിയ കാര്യങ്ങളും വിവിധ രാജ്യങ്ങളിലെ ഇടത്തരം വരുമാനക്കാർക്ക് യോഗ്യമാണോ എന്നതുമാണ് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി പരിശോധിക്കുന്നത്. ഇക്കാര്യങ്ങൾ തൃപ്‌തികരമെങ്കിൽ സമിതി വാക്സിന് അനുകൂലമായി ശുപാർശ നൽകും.