mannath

 ജയിലിലെത്തി ആര്യനെ കണ്ട് ഷാരൂഖ്
 ജാമ്യഹർജി 26ന് ഹൈക്കോടതിയിൽ

അനന്യയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തു

ന്യൂഡൽഹി: ബോളിവുഡ് നടൻ ഷാരൂഖ്ഖാൻ, നടി അനന്യ പാണ്ഡെ എന്നിവരുടെ മുംബയിലെ വസതികളിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ് നടത്തി.

ആഡംബരക്കപ്പലിലെ ലഹരിക്കേസിൽ മുംബയ് എൻ.ഡി.പി.എസ് പ്രത്യേക സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഷാരൂഖിന്റെയും ഗൗരിയുടെയും മകൻ ആര്യൻഖാൻ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനായാണ് റെയ്ഡെന്നാണ് സൂചന.

രാവിലെ പത്തിനാണ് ബാന്ദ്രയിലുള്ള ഷാരൂഖിന്റെ വസതിയായ മന്നത്തിൽ എൻ.സി.ബി സംഘമെത്തിയത്. ഈ സമയം ഷാരൂഖ് മകനെ കാണാൻ ആർതർ ജയിലിലേക്ക് പോയിരിക്കുകയായിരുന്നു.

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെയുടെ (22) വീട്ടിലും ഇതേസമയം എൻ.സി.ബി സംഘം റെയ്ഡ് നടത്തി. അനന്യയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തശേഷം ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകാൻ നോട്ടീസും നൽകി. വൈകിട്ട് എൻ.സി.ബി ഓഫീസിൽ ഹാജരായ അനന്യയെ രണ്ടരമണിക്കൂറോളം ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകാനും നിർദ്ദേശിച്ചു.

അനന്യ പാണ്ഡെ ലഹരിക്കേസിൽ നിർണായക കണ്ണിയാണെന്നാണ് എൻ.സി.ബി ഉദ്യോഗസ്ഥർ പറയുന്നത്. അനന്യയും ആര്യന്റെ സഹോദരി സുഹാനയും അടുത്ത സുഹൃത്തുക്കളാണ്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ൻ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് എൻ.സി.ബി കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. റെയ്ഡ് നടന്ന പശ്ചാത്തലത്തിൽ അനന്യയാണ് ആ യുവ നടിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നു.

മകനെ കണ്ട് ഷാരൂഖ്

ലഹരിക്കേസുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായശേഷം ആദ്യമായി മകനെ കാണാൻ ജയിലെത്തിയ ഷാരൂഖ്​ ഖാൻ 20 മിനിട്ടോളം അവിടെ ചെലവഴിച്ചു. ഉടൻ മടങ്ങി. ആര്യനോട്​ നന്നായി ഭക്ഷണം കഴിക്കുന്നില്ലേയെന്ന്​ ഷാരൂഖ്​ ചോദിച്ചതായും ജയിൽ ഭക്ഷണം തനിക്ക്​ ഇഷ്​ടമല്ലെന്ന്​ ആര്യൻ മറുപടി പറഞ്ഞതായും ജയിൽ അധികൃതർ പറയുന്നു. ആര്യന്​ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലഭ്യമാക്കാവോയെന്ന്​ ഷാരൂഖ്​ ആരാഞ്ഞു. എന്നാൽ കോടതിയുടെ അനുമതി വേണമെന്ന് അധികൃതർ മറുപടിയേകി.

നേരത്തെ ജയിൽ അധികൃതരുടെ സാന്നിദ്ധ്യത്തിൽ വീഡിയോ കോളിലൂടെ ആര്യൻ പത്ത് മിനിറ്റോളം കുടുംബാം​ഗങ്ങളുമായി സംസാരിച്ചിരുന്നു.

ജാമ്യഹർജി 26ന്

ആര്യൻഖാന്റെ ജാമ്യഹർജി ഈ മാസം 26ന് പരിഗണിക്കുമെന്ന് മുംബയ് ഹൈക്കോടതി ജസ്റ്റിസ് എൻ.ഡബ്ലിയു. സാംബ്രേ വ്യക്തമാക്കി. കൂട്ടുപ്രതിയും മോഡലുമായ മുൻമുൻ ധമേച്ചയുടെ ജാമ്യഹ‌ർജിയും അന്നേ ദിവസം പരിഗണിക്കും. ഇനിയാരെങ്കിലും കേസിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 25ന് മുൻപ് അപേക്ഷ സമർപ്പിക്കാനും നിർദ്ദേശിച്ചു.