gold-smuggling-case

ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇ.ഡി നിർബന്ധിച്ചുവെന്ന സ്വപ്നയുടെയും സന്ദീപിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകൾ പരിശോധിക്കാൻ എറണാകുളത്തെ വിചാരണക്കോടതിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഇ.ഡി. ഡെപ്യുട്ടി ഡയറക്ടർ പി .രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സ്റ്റേ. വിശദമായ വാദത്തിനായി ജനുവരി മൂന്നാം വാരം കേസ് പരിഗണിക്കും.

ജസ്റ്റിസ് എ.എം.ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലായിരുന്നു ഇ.ഡി. അപ്പീൽ നൽകേണ്ടിയിരുന്നതെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചതായി റിമാൻഡിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ പ്രതിയായ സന്ദീപ് നായരും ഇതേതരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത ക്രൈബ്രാഞ്ച്, സന്ദീപിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതി സ്വീകരിച്ചും കേസെടുത്തു. കേസുകൾ റദ്ദാക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ബോധിപ്പിച്ചത്. കേസുകൾ റദ്ദാക്കിയ ഹൈക്കോടതി, പക്ഷേ, ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകൾ പരിശോധിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ചുമതലപ്പെടുത്തി. ഈ കേസിൽ ഇ.ഡിക്കെതിരെ കേരളം സമർപ്പിച്ച തടസ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

 ഇ.ഡിക്കെതിരായ നടപടികൾ നിലച്ചു

സുപ്രീം കോടതി സ്റ്റേയോടെ നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്കെതിരെ സംസ്ഥാന സർക്കാർ തുടങ്ങിവച്ച എല്ലാ നടപടികളുടെയും വഴി താല്ക്കാലികമായെങ്കിലും മുടങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രിയെ കുടുക്കാൻ നോക്കി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന്

റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെ കമ്മിഷനായി നിയോഗിച്ചിരുന്നു. ഇതിനെതിരെ ഇ.ഡി.ഹൈക്കോടതി സിംഗിൾ ബെഞ്ചിൽനിന്ന് സ്റ്റേ വാങ്ങി.ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഇ.ഡിയുടെ മറ്റൊരു ഹർജിയിലാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിൽ ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകൾ പരിശോധിക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകിയത് സർക്കാരിന് ആശ്വാസം നൽകിയിരുന്നു. അതാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്.