ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സിംഗാഹി ടൗണിലെ മൊഹിത് ത്രിവേദി, ബർസോള കനാലിലെ രങ്കു റാണ, ടിക്കോണി ചിമ്മതണ്ടയിലെ ധർമേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പേരുകൾ പുറത്ത് വന്നത്. പ്രതിയായ സുമിത് ജയ്സ്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കൗണ്ടർ എഫ്.ഐ.ആറിലും അന്വേഷണം നടക്കുകയാണ്. രണ്ട് ബി.ജെ.പി പ്രവർത്തകരും ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തിലാണ് കൗണ്ടർ എഫ്.ഐ.ആർ.