congress-and-cpm

ന്യൂഡൽഹി:വർഗീയതയോട് വിട്ടു വീഴ്ച ചെയ്യുന്ന മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസിന്റേതെന്ന് സി.പി.എം കേരള ഘടകം. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ തുടരാമെന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയിൽ പൊതു പിന്തുണ ലഭിക്കുമ്പോഴാണ് കേരളത്തിലെ അംഗങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

എന്നാൽ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ എല്ലാ മതേതര ശക്തികളുമായും ഐക്യപ്പെടണമെന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റിയിലെ കേരളം ഒഴികെയുള്ള പല സംസ്ഥാനങ്ങളിലെയും അംഗങ്ങൾ സ്വീകരിച്ചത്. ബി.ജെ.പിക്കെതിരെ യോജിക്കാവുന്ന എല്ലാ ജനാധിപത്യ പാർട്ടികളുമായും ധാരണയിലെത്തണം എന്നായിരുന്നു ഈ പൊതു നിലപാട്.

ഈ നിലപാട് സി.പി.എമ്മിന് തിരിച്ചടിയാകുമെന്നായിരുന്നു കേരളത്തിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. പാർട്ടിയുമായി യോജിച്ച് പോകുന്ന ജനാധിപത്യ മതേതര ജനവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും പാർട്ടിയിൽ അർപ്പിച്ച വിശ്വാസം നഷ്ടമാകാൻ ഇത് കാരണമാകും. കേന്ദ്ര കമ്മിറ്റിയിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയ്‌ക്കായുള്ള ചർച്ചയിലാണ് ഈ സംവാദം നടന്നത്. ചർച്ച ഇന്നും തുടരും. കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയ്‌ക്ക് ശേഷം തയ്യാറാക്കിയ കരടുമായി പോളിറ്റ് ബ്യൂറോ വീണ്ടും യോഗം ചേരും.