മാർപാപ്പയെ സന്ദർശിച്ചേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 16-ാമത് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈ മാസം 29 ന് റോമിലെത്തും. അഞ്ച് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി റോമിലും ബ്രിട്ടനിലെ ഗ്ലാസ്ഗോയിലുമായി വിവിധ സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ക്ഷണമനുസരിച്ചാണ് മോദി റോമിൽ എത്തുന്നത്. 30,31 തീയതികളിലാണ് ജി-20 ഉച്ചകോടി.
മോദി പങ്കെടുക്കുന്ന എട്ടാമത്തെ ജി-20 ഉച്ചകോടിയാണിത്. മരിയോ ദ്രാഗി ഉൾപ്പെടെയുള്ളവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഫ്രാൻസിസ് മാർപ്പാപ്പയെയും മോദി സന്ദർശിക്കുമെന്നറിയുന്നു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കും. കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാർ മുമ്പ് മോദിയെ കണ്ടപ്പോൾ മാർപാപ്പയെ ഔദ്യോഗികമായി
ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
റോമിൽ നിന്ന് ബ്രിട്ടനിലേക്ക് പോകുന്ന മോദി ഗ്ലാസ്‌ഗോയിൽ നവംബർ 1നും 2നും നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ( കോപ്പ് - 26 ) പങ്കെടുക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ക്ഷണപ്രകാരമാണ് മോദി യു. എൻ കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ ഭാഗമായ വേൾഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 120-ലധികം രാഷ്ട്രത്തലവന്മാർ പങ്കെടുക്കും.