ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ ഡെങ്കിപ്പനിയെ തുടർന്ന് ജില്ലാ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശിഷിന്റെ രക്തസാമ്പിൾ ലക്‌നൗവിലെ ലാബോറട്ടറിയിലേക്കയച്ചെന്നും ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്നും ആശുപത്രി സി.എം.ഒ ശൈലേന്ദ്ര ഭട്നാഗർ പറഞ്ഞു. പ്രമേഹവും ആശിഷിനെ അലട്ടുന്നതായി അദ്ദേഹം അറിയിച്ചു. ആശിഷിന്റെ ചികിത്സയ്ക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കേസിൽ ആശിഷ് മിശ്ര ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.