m

ന്യൂഡൽഹി: മുല്ലപ്പെരിയാർ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവ വിഷയമാണെന്നും രാഷ്ട്രീയമായി കാണരുതെന്നും കേന്ദ്രത്തെയും കേരള, തമിഴ്നാട് സംസ്ഥാനങ്ങളെയും ഓർമ്മിപ്പിച്ച സുപ്രീംകോടതി, സുരക്ഷ സംബന്ധിച്ച് മേൽനോട്ട സമിതിയും ജലനിരപ്പ് എത്രയാകാമെന്ന് ജല കമ്മിഷനും നാളെ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

ഡാമിൽ ജലനിരപ്പ് ഉയരുന്നത് തടയാൻ തമിഴ്നാടിന് അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച്.

ഡാമിന് മീതെ ഉയർന്ന ആശങ്കകൾ മനസിലാക്കുന്നു. എന്തൊക്കെ അപകട സാദ്ധ്യതകളാണുള്ളതെന്ന് അറിയില്ല. അക്കാര്യം മേൽനോട്ടസമിതിയാണ് തീരുമാനിക്കേണ്ടത്. ജലനിരപ്പിന്റെ കാര്യവും കോടതിക്ക് തീരുമാനിക്കാനാകില്ല. ഇവിടെ വാദപ്രതിവാദം നടത്തുന്നതിനു പകരം തമിഴ്നാടും കേരളവും ക്രിയാത്മക ചർച്ചയിലൂടെ തീരുമാനത്തിലെത്തി മേൽനോട്ട സമിതിയെ അറിയിക്കണം. ഇതുൾപ്പെടുത്തി മേൽനോട്ട സമിതിയുടെ അടിയന്തര റിപ്പോർട്ട് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയാണ് സമർപ്പിക്കേണ്ടത്. സംസ്ഥാനങ്ങളുടേത് നിഷ്‌ക്രിയ നിലപാടെങ്കിൽ കോടതി ഇടപെടും.

ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്ര്യൂട്ട് ഫോർ വാട്ടർ, എൻവയൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് ഉയർത്തിയ ആശങ്കകളും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രളയ സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കാൻ കൊച്ചിയിലെ പരിസ്ഥിതി സംഘടനയായ സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റും സുരക്ഷാഭീഷണി കണക്കിലെടുത്ത് ഡികമ്മിഷൻ ചെയ്യാൻ പരിസ്ഥിതി പ്രവർത്തകൻ ഡോ. ജോസ് ജോസഫും നൽകിയ ഹർജികളാണ് പരിഗണിച്ചത്.

 കേരളത്തിന്റെ വാദം

ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നെന്നും 50 ലക്ഷം ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ഡോ. ജോസ് ജോസഫിന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് വാദിച്ചു. 2018ലെ പ്രളയകാലത്ത് ഡാമിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന 2018 ആഗസ്റ്റ് എട്ടിലെ വിധി ചൂണ്ടിക്കാട്ടിയാണ് കേരളത്തിനായി സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ് വാദിച്ചത്. 2018ലെ അതേ ഉത്തരവ് നിലവിലെ സാഹചര്യത്തിലും പരിഗണിക്കണം. കേസ് വീണ്ടും പരിഗണിക്കും വരെ ജലനിരപ്പ് 137 അടിയാക്കി നിറുത്താൻ തമിഴ്നാടിന് നിർദ്ദേശം നൽകണം.

തമിഴ്നാടിന്റെ മറുപടി

2018ൽ ജലനിരപ്പ് 139 അടി കടന്നിരുന്നു. ഇടുക്കിയിൽ കനത്ത മഴയും ഉണ്ടായിരുന്നു. നിലവിൽ അത്തരം ഭീഷണിയില്ല. ഇന്നലെ രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയാണെന്നും തമിഴ്നാടിനായി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ വി. കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. അടുത്ത അഞ്ചു ദിവസത്തേക്ക് ഇടുക്കി ജില്ലയിൽ കാര്യമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാറിപ്പോർട്ട്. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്ക കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ കത്തിലൂടെ ധരിപ്പിച്ചിരുന്നു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.