ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് (നീറ്റ്) ഒ.ബി.സി, സാമ്പത്തിക സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി ഉത്തരവാകുന്നത് വരെ ഈ അദ്ധ്യയന വർഷത്തെ പി.ജി. കോഴ്സുകൾക്കുള്ള പ്രവേശന കൗൺസലിംഗ് നടത്തില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. വിഷയത്തിൽ സുപ്രീം കോടതി വിധിക്ക് മുമ്പുള്ള കൗൺസിലിംഗ് വിദ്യാർത്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണിത്.
ഈ മാസം 24 മുതൽ 29 വരെ കൗൺസലിംഗ് നടത്താൻ ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസ് നിർദേശം നൽകിയിരുന്നുവെന്ന് ഹർജിക്കാർക്കായി അഭിഭാഷകൻ അരവിന്ദ് ദത്താർ അറിയിച്ചു. ഈ അവസരത്തിലാണ്, സുപ്രീംകോടതി തീരുമാനമെടുക്കാതെ കൗൺസലിംഗ് ആരംഭിക്കില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വ്യക്തമാക്കിയത്. മെഡിക്കൽ സീറ്റുകളിൽ സ്ഥിരീകരണം ഉറപ്പുവരുത്താനാണ് കോളേജുകൾക്ക് നിർദേശം നൽകിയത്. കൂടുതൽ വ്യക്തത വരുത്തി മറ്റൊരു നിർദേശം കൂടി അയച്ചിട്ടുണ്ടെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. ഉറപ്പ് കണക്കിലെടുത്ത കോടതി, കേസ് 28ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
നീറ്റ് മെഡിക്കൽ - ഡെന്റൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിന് 27 ശതമാനം ഒ.ബി.സി സംവരണവും, 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തി കഴിഞ്ഞ ജൂലായിൽ ഇറക്കിയ സർക്കാർ ഉത്തരവിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഒ.ബി.സിക്കെന്ന പോലെ, സാമ്പത്തിക സംവരണത്തിനും വാർഷിക കുടുംബ വരുമാന പരിധി എട്ടു ലക്ഷം രൂപയാക്കുന്നതിനെയും ചോദ്യം ചെയ്തു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ, സാമ്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കുമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് മുന്നറിയിപ്പു നൽകിയിരുന്നു.