ന്യൂഡൽഹി: കേരളത്തിൽ വീടുകളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ പാറമടകൾ പ്രവർത്തിക്കാവൂ എന്ന നിർദ്ദേശത്തിനെതിരെ ക്വാറി ഉടമകൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ദൂരപരിധി നിർദ്ദേശം ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ ക്വാറി ഉടമകളും പുതിയ പാറമടകളുടെ നടത്തിപ്പിന് അപേക്ഷിച്ചവരും നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. 200 മീറ്റർ അകലം പുതിയ ക്വാറി അപേക്ഷകൾക്കും ബാധകമാണെന്നായിരുന്നു ഹൈക്കോടതി വിധി.
പരാതി ഉന്നയിച്ചു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദൂര പരിധി 50 മീറ്ററിൽ നിന്ന് 200 മീറ്ററാക്കി ഹരിത ട്രൈബ്യൂണൽ വർദ്ധിപ്പിച്ചത്. കത്തിന്റെ അടിസ്ഥാനത്തിൽ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാനാകില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ, ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി ദുരപരിധി നിയന്ത്രണം ഹൈക്കോടതി ശരി വയ്ക്കുകയായിരുന്നു.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങളിൽ എതിർപ്പുള്ളവർക്ക് അത് ട്രൈബ്യൂണലിൽ തന്നെ ഉന്നയിക്കാമെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ട്രൈബ്യൂണലിൽ പരിഹാരമുണ്ടായില്ലെങ്കിൽ, പരാതിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാം.