ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഒമ്പത് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
സിദ്ധാർത്ഥ് നഗർ, ഇറ്റാ, ഹർദോയ്, പ്രതാപ്ഗഡ്, ഫത്തേപൂർ ഡിയോറിയ, ഗാസിപൂർ, മിർസാപൂർ, ജൗൻപൂർ എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങിയത്.
രാഷ്ട്രീയ ഇച്ഛാശക്തി മൂലമാണ് ഇത്ര വലിയ സംരംഭം നടപ്പിലാക്കാനായതെന്ന് മോദി പറഞ്ഞു.
നാല് വർഷം മുമ്പ് ഉത്തർപ്രദേശിലെ സർക്കാരുകൾക്ക് ആയിരക്കണക്കിന് കോടി കൊള്ളയടിച്ച അഴിമതിയുടെ കഥകളാണ് പറയാനുണ്ടായിരുന്നത്.
യോഗി ആദിത്യനാഥ് ലോകസഭാംഗമായിരുന്ന കാലത്ത് സംസ്ഥാനത്തെ മസ്തിഷ്ക്ക ജ്വരമുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ലോക്സഭയിൽ വിശദീകരിച്ചിരുന്നു. ഇന്ന് യോഗി ആദിത്യനാഥ് യു.പിയിൽ ഭരിക്കുമ്പോൾ മസ്തിഷ്കജ്വരം ഇല്ലാതാക്കുക മാത്രമല്ല സംസ്ഥാനം കിഴക്കൻ ഇന്ത്യയുടെ ആരോഗ്യ കേന്ദ്രമായി മാറുകയാണ്.
2014ന് മുമ്പ് രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 90,000ൽ താഴെയായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 60,000 പുതിയ മെഡിക്കൽ സീറ്റുകളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.