a

ന്യൂഡൽഹി : മികച്ച ചിത്രത്തിന് ഉൾപ്പെടെ പതിമൂന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി 67ാംത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ മലയാളത്തിന്റെ താരത്തിളക്കം.ഡൽഹി വിജ്ഞാൻ ഭവനിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് വിതരണം ചെയ്തത്. പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്ത് ഏറ്റുവാങ്ങി.

മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' ഉൾപ്പെടെയുള്ള സിനിമകളെ ഉപരാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു. ചരിത്രവും സംസ്‌കാരവും സിനിമകളിലൂടെ ലോകം മുഴുവനെത്തിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മരയ്ക്കാറിന്റെ സംവിധായകൻ പ്രിയദർശൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സ്‌പെഷ്യൽ ഇഫക്ടിന് പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ്, വസ്ത്രാലങ്കാരത്തിന് സുജിത്ത് സുധാകരൻ, വി. സായ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

പ്രഭാവർമ്മ (ഗാനരചയിതാവ്, കോളാമ്പി), ഗിരീഷ് ഗംഗാധരൻ (ഛായാഗ്രാഹകൻ, ജല്ലിക്കെട്ട്), രാഹുൽ റിജി നായർ (സംവിധായകൻ ,മികച്ച മലയാള സിനിമ, കള്ളനോട്ടം), കള്ളനോട്ടത്തിന്റെ നിർമ്മാതാവ് ലിജോ ജോസഫ്, റസൂൽ പൂക്കൂട്ടി, ബിബിൻ ദേവ് (റീറെക്കോർഡിംഗ്, ഒത്ത സെരുപ്പു സൈസ്–7), മാത്തുക്കുട്ടി സേവ്യർ (ഹെലൻ, നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം), ഹെലന്റെ നിർമ്മാതാവ് നോബിൾ ബാബു തോമസ്, രഞ്ജിത് (ചമയം, ഹെലൻ), മനോജ് കാന (കെഞ്ചിര, പണിയ ഭാഷയിലെ മികച്ച സിനിമ), ശരൺ വേണുഗോപാൽ (ഫീച്ചർ ഇതര വിഭാഗത്തിലെ മികച്ച കുടുംബമൂല്യമുള്ള ചിത്രം), വിപിൻ വിജയ് (സ്‌മാൾ സ്‌കെയിൽ സൊസൈറ്റീസ്, നോൺ ഫീച്ചർ വിഭാഗം പ്രത്യേക പുരസ്‌കാരം), സജിൻ ബാബു (പ്രത്യേക പരാമർശം, ബിരിയാണി) എന്നിവരും പുരസ്‌കാരം സ്വീകരിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ധനുഷ്, മനോജ് വാജ്‌പേയ്, മികച്ച നടി കങ്കണ റണൗത്ത്, മികച്ച സഹനടൻ വിജയ് സേതുപതി തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കേന്ദ്രസഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ പ്രസംഗിച്ചു.