ന്യൂഡൽഹി : മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ നമസ്‌കാരം പറഞ്ഞാണ് ദേശീയ സിനിമാ അവാർഡ് വിതരണ വേദിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സദസിനെ അഭിസംബോധന ചെയ്തത്.
പ്രദേശിക ഭാഷ എന്നൊന്നില്ലെന്നും എല്ലാം ഇന്ത്യൻ ഭാഷകളാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും ധാർമ്മികവുമായ സന്ദേശം പങ്കുവയ്ക്കുന്നതാകണം സിനിമകൾ. അക്രമം, കടുത്ത അശ്ലീലം, അസഭ്യം എന്നിവ ചിത്രീകരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കണം. സാംസ്‌കാരിക, പ്രാദേശിക വ്യത്യാസങ്ങളെ സിനിമ അതിന്റെ ഭാഷകൊണ്ടു മറികടക്കുകയാണ്. ആശങ്കയും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതാകണം സിനിമകളെന്നും നിർമാതാക്കൾ ഇക്കാര്യം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനും മകനും,
അമ്മാവനും മരുമകനും
ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായി രണ്ടു സിനിമാ കുടുംബങ്ങൾ. മികച്ച ചിത്രമായ മരയ്ക്കാറിന്റെ സംവിധായകൻ പ്രിയദർശനും മകൻ സിദ്ധാർഥും ഒരേ വേദിയിൽ പുരസ്‌കാരം സ്വീകരിച്ചു. ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ച നടൻ രജനികാന്ത്, മരുമകനും മികച്ച നടനുള്ള പുരസ്‌കാര ജേതാവുമായ ധനുഷിനൊപ്പമാണ് എത്തിയത്.
അച്ഛനും മകനും ഒരുമിച്ച് അവാർഡ് കിട്ടുന്നത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചരിത്രത്തിൽ ആദ്യ സംഭവമാണെന്ന് കരുതുന്നതായും, ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ പ്രിയദർശൻ പ്രതികരിച്ചു.