bibin

ന്യൂഡൽഹി :ആശങ്കകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ അർഹിച്ച അംഗീകാരം മലയാളിയായ ബിബിൻ ദേവിനെ തേടി എത്തിയത്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേളയിൽ സാങ്കേതിക പിഴവു മൂലം പേരു പരാമർശിക്കാതെ പോയ ബിബിൻ ദേവിനു ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി.

'ഒത്ത സെരുപ്പ് സൈസ് 7 ' എന്ന തമിഴ് സിനിമയുടെ റീ റെക്കോർഡിങ്ങിനാണ് ബിബിൻ ദേവിനെ തേടി ദേശീയപുരസ്‌കാരം എത്തിയത്. ബിബിൻ ദേവും റസൂൽ പൂക്കുട്ടിയും ചേർന്നു റീ റെക്കോർഡിംഗ് നിർവഹിച്ച സിനിമയ്ക്ക് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ റസൂൽ പൂക്കുട്ടിയുടെ പേരു മാത്രമാണ് ആണ് പരാമർശിച്ചത്.

അവാർഡു നിർണയത്തിനു സിനിമയുടെ അണിയറപ്രവർത്തകരുടെ പേരു വിവരങ്ങൾ അയച്ചപ്പോൾ വന്ന ക്ലറിക്കൽ പിഴവാണ് ആണ് ബിബിൻ ദേവിന്റെ പേര് വിട്ടുപോകാൻ കാരണമായത്. സ്വന്തം പ്രയത്നം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് ക്ലെറിക്കൽ പിഴവുമൂലം നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ബിബിൻ ദേവ്.

അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടു വിളി വന്നപ്പോഴാണ് മാസങ്ങളോളം നീണ്ട ആശങ്കയും ആകാംക്ഷയും ആഹ്ലാദത്തിന് വഴിമാറിയത്.

അങ്കമാലി കിടങ്ങൂർ സ്വദേശിയായ ബിബിൻ ദേവ് 15 വർഷമായി മുംബൈ കേന്ദ്രീകരിച്ചാണ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നത്. ഷെർനി, ട്രാൻസ്, യന്തിരൻ 2, ഒടിയൻ, മാമാങ്കം, മാസ്റ്റർ പീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ സിനിമകളുടെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നതും ബിബിൻ ദേവാണ്.