ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ കനത്ത മഞ്ഞ് വീഴ്ചയിൽ അഞ്ച് പേർ മരിച്ചു. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്ത് നൂർപോരയിൽ നാടോടികളുടെ കൂടാരത്തിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിൽ കനത്ത മഞ്ഞ് ഇടിച്ചിലിൽ രണ്ട് പേർ മരിച്ചു.
തെക്കൻ കാശ്മീരിലെ സിന്താൻ പാസിൽ മഞ്ഞിടിച്ചിലിൽ കുടുങ്ങി കിടന്ന നിരവധിപ്പേരെ രക്ഷപ്പെടുത്തി. ഈ പ്രദേശത്ത് മഞ്ഞ് മൂടി കിടന്ന 30 കിലോമീറ്റർ ദൂരം ദുരന്തനിവാരണ സേന എത്തിയത് നിരവധി യന്ത്രങ്ങളുടെ സഹായത്തോടെയാണ്. തുടർന്ന് എട്ട് കിലോമീറ്റർ ദൂരം കാൽനടയായി യാത്ര ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാശ്‌മീർ താഴ്‌വരയിലും ലഡാക്കിലും ശൈത്യകാലത്തിന്റെ പ്രതീതിയാണ്. ശ്രീനഗറിൽ ഏറ്റവും കുറഞ്ഞ താപനില 5.6 ഡിഗ്രി സെൽഷ്യസും പഹൽഗാമിൽ 0.3 ഡിഗ്രി സെൽഷ്യസുമാണ്. എന്നാൽ ഗുൽമാർഗിൽ ഇത് മൈനസ് 1.5 ഡിഗ്രി സെൽഷ്യസായി.
ശ്രീനഗറിൽ കനത്ത മഴ തുടരുകയാണ്. ഇവിടെ 12.8 മി.മീ മഴയാണ് പെയ്തത്.