ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ നാലു കർഷകരടക്കം എട്ട് പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും അവർക്ക് മതിയായ സുരക്ഷയൊരുക്കണമെന്നും സുപ്രീംകോടതി യു.പി. പൊലീസിന് നിർദ്ദേശം നൽകി.
സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം.
കേസിലെ തെളിവുകളുടെ ശാസ്ത്രീയ പരിശോധന നടത്തണം. സാക്ഷികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കണം. ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് സാക്ഷികളുടെ രഹസ്യമൊഴിയെടുക്കേണ്ടത്. ലഖിംപൂരിലെ മജിസ്‌ട്രേറ്റിന് എന്തെങ്കിലും അസൗകര്യമുണ്ടായാൽ മറ്റൊരു മജിസ്‌ട്രേറ്റിനെ ജില്ലാ ജഡ്ജി നിയോഗിക്കണം. പൊലീസ് അന്വേഷണം സുപ്രീംകോടതി നിരീക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി.
യു.പി. പൊലീസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച കോടതി, കാര്യമായ അന്വേഷണം നടക്കുന്നുവെന്ന് തോന്നുന്നതായി വ്യക്തമാക്കി. നവംബർ എട്ടാം തീയതി കേസ് വീണ്ടും പരിഗണിക്കും. അന്ന് പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ഒക്ടോബർ 20ന് കേസ് പരിഗണിച്ച സുപ്രീംകോടതി, അന്വേഷണം സംബന്ധിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ യു.പി. പൊലീസ് നടത്തുന്ന അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് താക്കീത് ചെയ്തിരുന്നു.
നൂറോളം പേരിൽ 23 പേരെ ദൃക്‌സാക്ഷികളുള്ളോ?
68 സാക്ഷികളിൽ 30 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇതിൽ 23 പേർ ദൃക്സാക്ഷികളാണെന്നും ഉത്തർപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചു.
നൂറോളം പേർ പങ്കെടുത്ത പ്രതിഷേധസമരത്തിൽ നിന്ന് 23 പേരെ മാത്രമേ ദൃക്സാക്ഷികളായി കണ്ടെത്താൻ കഴിഞ്ഞൊള്ളോയെന്ന് കോടതി ആരാഞ്ഞു. കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി യു.പി. സർക്കാരിന്റെ അഭിഭാഷകനായ ഹരീഷ് സാൽവെയോട് നിർദ്ദേശിച്ചു. വീഡിയോ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്തണം. കർഷകർക്ക് നേരെയുള്ള അക്രമത്തിനെ തുടർന്നുണ്ടായ ൾകൂട്ടത്തിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്യാം സുന്ദർ എന്നയാളുടെയും സംഭവ സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകൻ രമൺ കശ്യപിന്റെയും കൊലപാതകത്തിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ യു.പി സർക്കാർ പ്രത്യേക സത്യവാങ്മൂലമായി സമർപ്പിക്കണം.
കഴിഞ്ഞ 3നാണ് കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും കൂട്ടുകാരും വാഹനം ഇടിച്ച് കയറ്റിയത്. കേസിൽ ആശിഷ് മിശ്ര അടക്കം 13 പേർ അറസ്റ്റിലാണ്.