supreme-court

ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷനിൽ ഭേദഗതി നിർദേശിച്ച് മാനേജ്മെന്റ് സുപ്രീം കോടതിയിൽ പദ്ധതി സമർപ്പിച്ചു.

ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കൽ ജീവനക്കാർ എന്നിവർ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി കണക്കാക്കി ജൂലായ് 2021 മുതലുള്ള പെൻഷൻ മാത്രമേ നൽകുകയുള്ളൂ. ചുരുങ്ങിയത് പത്തുദിവസം എങ്കിലും ജോലി ചെയ്തിട്ടുള്ള മാസം മാത്രമേ പെൻഷൻ കണക്കാക്കാൻ പരിഗണിക്കുകയുള്ളൂ. കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഏകദേശം 9,000 കോടി രൂപയുടെ ബാദ്ധ്യതയുണ്ടെന്നും അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനെ കൈമാറിയ പദ്ധതിയിൽ കെ.എസ്.ആർ.ടി.സി വിശദമാക്കി.

1999ൽ തൊഴിലാളി സംഘടനകളും കോർപറേഷനും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരമാണ് ദിവസവേതനക്കാലവും പെൻഷന് ഉൾപ്പെടുത്തിയത്. ഇതു പാലിക്കാതിരുന്നതോടെ യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനെതിരെയാണ് കെ.എസ്.ആർ.ടി.സി. സുപ്രീംകോടതിയിലെത്തിയത്. പുതിയ പദ്ധതി എട്ട് ആഴ്ചയ്ക്കുള്ളിൽ തയ്യാറാക്കണമെന്നും ഇല്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കഴിഞ്ഞ സെപ്തംബർ ഒന്നിന് വാദം കേട്ടപ്പോൾ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.

പദ്ധതിയിലെ മറ്റ് നിർദേശങ്ങൾ

 ജീവനക്കാർ അധികം
7,500 ജീവനക്കാർ വേണ്ടിടത്ത് 27,983 പേരുണ്ട്. പെൻഷൻകാർ ഉൾപ്പെടെ 41,000 പേർ കെ.എസ്.ആർ.ടി.സിയിൽ നിന്ന് ആനുകൂല്യം വാങ്ങുന്നുണ്ട്.ജീവനക്കാരെ കുറയ്ക്കണമെന്നുള്ള സുശീൽ ഖന്ന റപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ നിയമനങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്.