pegasus

ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കുകയും കേന്ദ്ര സർക്കാരിനെ മുൾമുനയിൽ നിറുത്തുകയും ചെയ്ത പെഗസസ് ഫോൺ ചോർത്തൽ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖരുടെ ഫോണുകൾ ചോർത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഒരു ഡസനോളം ഹർജികളാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. പെഗസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ രാജ്യസുരക്ഷയെ കരുതി ഉത്തരം നൽകാനാകില്ലെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു. പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാൽ ഭീകര സംഘടനകൾ ഇത് മുതലെടുക്കും. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് മുമ്പ് കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്. എന്നാൽ, ആരോപണങ്ങളുടെ ഗൗരവം പരിഗണിച്ച് ഒരു വിദഗ്ദ്ധ സമിതി വിഷയം അന്വേഷിക്കുമെന്നും സമിതിയുടെ റിപ്പോർട്ട് കോടതിക്ക് നൽകാമെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ഇതിനോട് കോടതിയും യോജിച്ചു.

രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യവും തങ്ങൾക്ക് അറിയേണ്ടതില്ലെന്നും

രാജ്യത്തെ പൗരൻമാരുടെ ഫോണുകളിൽ നിന്നു വിവരങ്ങൾ ചോർത്തിയിട്ടുണ്ടോ എന്നു മാത്രം വ്യക്തമാക്കിയാൽ മതിയെന്നും കോടതി പറഞ്ഞു.

എന്നാൽ, വിദഗ്ദ്ധ സമിതിയിൽ അംഗമാകാൻ ചിലർ വിമുഖത കാട്ടിയതിനാലാണ് വിധി വൈകുന്നതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയിരുന്നു.